ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം; കാറുടമയുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യും

മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രത്തിൽ തരുണ്‍ സേവനം ചെയ്യുകയും വേണം

Update: 2023-05-18 07:41 GMT
Editor : abs | By : Web Desk

കോഴിക്കോട്: ബാലുശ്ശേരിയിൽ കാർ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹന ഉടമ കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യും. മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രത്തിൽ തരുണ്‍  സേവനം ചെയ്യുകയും വേണം.സുപ്രീംകോടതി നിർദേശപ്രകാരം ലൈസൻസ് സസ്പെൻഡ് ചെയ്തതിന് ശേഷമുള്ള തുടർ നടപടിയാണിത്.

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസിന് കിലോമീറ്ററുകളോളമാണ് തരുണിന്റെ കാർ  മാർഗതടസം സൃഷ്ടിച്ചത്. രക്ത സമ്മർദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗിയുമായി കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്നു ആംബുലൻസ്.

Advertising
Advertising

ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപാസ് വരെയാണ് കാർ പ്രയാസം സൃഷ്ടിച്ചത്. സൈറൺ മുഴക്കി ഓടുന്ന ആംബുലൻസ് നിരന്തരം ഹോൺ മുഴക്കിയിട്ടും വഴിമാറിക്കൊടുക്കാതെ പായുകയായിരുന്നു കാർ. ഇടയ്ക്ക് ബ്രേക്കിടുകയും ചെയ്തതായി ആംബുലൻസിൽ ഉണ്ടായിരുന്നവർ പറഞ്ഞു. കാർ തുടർച്ചയായി ബ്രേക്കിട്ടതോടെ രോഗിയുടെ ബന്ധുക്കൾ ആംബുലൻസിനുള്ളിൽ തെറിച്ചു വീഴുന്ന സാഹചര്യവും ഉണ്ടായി.

ആംബുലൻസിന് മുന്നിൽ നിന്ന് മാറാതെ തടസം സൃഷ്ടിച്ചതോടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ കാറിന്റെ വിഡിയോ പകർത്തി. വൺവേ ആയ കക്കോടി ബൈപാസിൽ വച്ചാണ് ഒടുവിൽ ആംബുലൻസിനു കാറിനെ മറികടക്കാനായത്. അതുവരെ കാർ അഭ്യാസം തുടരുകയായിരുന്നു. നടപടി ആവശ്യപ്പെട്ട് കാറിന്റെ ദൃശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ പൊലീസിലും നന്മണ്ട എസ്ആർടിഒ അധികൃതർക്കും പരാതി നൽകുകയായിരുന്നു. 

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News