'സ്ത്രീകൾക്ക് സുഖമാണ് എന്തുണ്ടെങ്കിലും 'മൂഡ് സ്വിങ്സ്'പറഞ്ഞാൽ മതി, പുരുഷൻമാര്‍ക്ക് ഒരു സ്വിങ്ങുമില്ല'; അഭിഷാദ്, വിവരക്കേട് പറയല്ലേയെന്ന് സോഷ്യൽമീഡിയ
നമുക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാനും സ്വിങില്ല. പോയി പണിയെടുക്കുക
അഭിഷാദ് ഗുരുവായൂര്‍ Photo| Facebook
ഡിപ്രഷനെ നിസാരവത്ക്കരിച്ചുകൊണ്ടുള്ള നടി കൃഷ്ണപ്രഭയുടെ വാക്കുകൾ വിവാദമായിരുന്നു. പണിയില്ലാത്തതുകൊണ്ടാണ് ഡിപ്രഷനും മൂഡ് സ്വിങ്സും വരുന്നതെന്നായിരുന്നു നടിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ സ്ത്രീകളുടെ മൂഡ് സ്വിങ്സിനെക്കുറിച്ചുള്ള പ്രമുഖ മോട്ടിവേഷണൽ സ്പീക്കര്‍ അഭിഷാദ് ഗുരുവായൂരിന്‍റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചര്‍ച്ചയായിരിക്കുന്നത്. സ്ത്രീകൾക്ക് പരമസുഖമാണെന്നും എന്തിനും ഏതിനും മൂഡ് സ്വിങ്ങാണെന്ന് പറഞ്ഞാൽ മതിയെന്നുമായിരുന്നു വിദ്യാര്‍ഥികളുൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ അഭിഷാദ് പറഞ്ഞത്.
''സ്ത്രീകൾക്ക് എന്തിനും ഏതിനും മൂഡ് സ്വിങാണ്. ബ്രേക്ഫാസ്റ്റിന് ഇന്നെന്താണെന്ന് ചോദിച്ചാലും മൂഡ് സ്വിങാണ്. അപ്പോ ഇന്ന് കഴിക്കാനൊന്നുമില്ലേ, അപ്പോഴും മൂഡ് സ്വിങാണ്. പുരുഷന്മാർക്ക് ഒരു സ്വിങുമില്ല. നമുക്ക് എല്ലാ മാസവും ഇഎംഐ അടയ്ക്കാനും സ്വിങില്ല. പോയി പണിയെടുക്കുക. ഇവരുടെ സ്വിങിനുവേണ്ടി വേറെയും പണിയെടുക്കണം'' അഭിഷാദ് പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് അഭിഷാദിനെതിരെ രംഗത്തെത്തിയത്. എന്ത് വിവരക്കേടാണ് പറയുന്നതെന്നും വളരെ മോശമായിപ്പോയി എന്നുമുള്ള കമന്‍റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്.
അഭിഷാദിനെതിരെ മാനസികാരോഗ്യ വിദഗ്ധൻ ഡോ.മോഹൻ റോയ് ഗോപാലനും രംഗത്തെത്തി. അറിവില്ലായ്മയുടെ വിവരക്കേട് കുട്ടികളിലേക്ക് പകരുന്നത് ന്യൂജനറേഷനോട് ചെയ്യുന്ന ചതിയാണ് കൊടും ചതിയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എന്തിനും മൂഡ് സ്വിങ് ആണത്രേ, പെണ്ണുങ്ങൾക്ക് ആണ് ഇതെല്ലാം ഞങ്ങൾ ആണുങ്ങൾക്ക് ഒരു അസുഖവുമില്ല" വിവരദോഷത്തിന്റെ ആപ്തവാക്യമാണ് കുറിച്ചു വെച്ചോളൂ കൂടെയിരുന്ന് ചിരിക്കുന്ന ചെറുപ്പക്കാരായ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട് , ബ്രോ തലച്ചോർ ഉണ്ടെങ്കിൽ, ഹോർമോണുകൾ ഉണ്ടെങ്കിൽ മൂഡ് ഉണ്ടാകും, മൂട് സ്വിങ് ഉണ്ടാകണം അതാണ് സ്വാഭാവികത, അത് ഇല്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് വിചാരിക്കണം മനുഷ്യൻ അല്ലേ സർ തലച്ചോർ ഉണ്ടല്ലോ സർ ഹോർമോണുകൾ ഉണ്ടല്ലോ സർ, ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും, സന്തോഷവും സങ്കടവും ഒക്കെ മാറിമാറി വരും ഇതൊക്കെ തരണം ചെയ്യാൻ കുട്ടികളെ, കൗമാരക്കാരെ പഠിപ്പിക്കണം, അങ്ങയുടെ അറിവില്ലായ്മയുടെ വിവരക്കേട് കുട്ടികളിലേക്ക് പകരുന്നത് ന്യൂജനറേഷനോട് ചെയ്യുന്ന ചതിയാണ് കൊടും ചതി
ഒന്നുമില്ലെങ്കിൽ സ്വന്തം പേരിനോടൊപ്പം അങ്ങ് ഒരു ഗുരുവായൂർ ചേർത്തിട്ടുണ്ടല്ലോ അവിടുത്തെ ഉണ്ണിക്കണ്ണനെ അറിയാമായിരിക്കും ശ്രീകൃഷ്ണഭഗവാൻ്റെ പ്രസിദ്ധമായ ഗീതോപദേശം വായിച്ചിട്ടുണ്ടാകും എന്ന് കരുതുന്നു അതിൽ ഒന്നാം അദ്ധ്യായം 28 മുതൽ 30 വരെയുള്ള ശ്ലോകങ്ങളിൽ മഹാഭാരത യുദ്ധത്തിനു മുമ്പ് തളർന്നു നിൽക്കുന്ന അർജുനനെ ഉപദേശിക്കുന്ന ശ്രീകൃഷ്ണൻ ഉണ്ട്, അർജുനനും ഉണ്ടായിരുന്നു ബ്രോ ആ സമയം മൂഡ് സ്വിങ്ങ്, ശ്ലോകവും അർത്ഥവും താഴെ ചേർക്കുന്നു.
ദൃഷ്ട്വേമം സ്വജനം കൃഷ്ണ യുയുത്സും സമുപസ്ഥിതം
സീദന്തി മമ് ഗാത്രാണി മുഖം ച പരിശുഷ്യതി
വേപതുശ്ച ശരീരേ മേ രോമഹർഷശ്ച ജായതേ
ഗാന്ധിവം സ്രംസതേ ഹസ്തത്ത്വക്ചൈ വ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥതും ഭ്രമതീവ ച മേ മന:
അർജുനൻ പറഞ്ഞു: ഹേ കൃഷ്ണാ, യുദ്ധം ചെയ്യാൻ ആഗ്രഹിച്ച് ഇവിടെ ഒത്തുകൂടിയ എന്‍റെ ഈ ബന്ധുക്കളെ കണ്ടപ്പോൾ എന്റെ അവയവങ്ങൾ തളർന്നു, എന്‍റെ വായ് വരണ്ടു. എന്റെ ശരീരം വിറച്ചു, എന്റെ രോമങ്ങൾ അറ്റം നിന്നു.
ഗാണ്ഡീവം എന്‍റെ കൈയിൽ നിന്ന് വഴുതിപ്പോയി, എന്റെ ചർമ്മം തീപിടിച്ചിരിക്കുന്നു. എനിക്ക് എന്നെത്തന്നെ പിടിച്ചുനിർത്താൻ കഴിയുന്നില്ല; എന്റെ മനസ്സ് കറങ്ങുന്നതായി തോന്നുന്നു. ഹേ കേശവാ, ഞാൻ ദുഷ്ടലക്ഷണങ്ങൾ കാണുന്നു. അർജുനൻറെ മൂഡ് സ്വിംങ്ങ് ഉപദേശിച്ചു ശരിയാക്കി യുദ്ധം ചെയ്യിപ്പിച്ച് വിജയിപ്പിച്ച ഭഗവാൻറെ നാട്ടിൽ നിന്നും വരുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കേണ്ട 'അംബാനെ അതെങ്ങനെ മുന്നിൽ 10 പേരെ കിട്ടിയാൽ വായിൽ തോന്നുന്നതല്ലേ നമുക്ക് പാട്ട്.