'കോൺഗ്രസ് പുതിയ സംസ്‌കാരത്തിന് തുടക്കം കുറിച്ചു, രാഹുലിനെതിരായ നടപടി മാതൃകാപരം'; വി.ഡി സതീശൻ

രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു

Update: 2025-08-25 08:27 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി കോണ്‍ഗ്രസ് എടുത്ത നടപടി മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിൽ ഇത്തരമൊരു  സംഭവം ഉണ്ടാവുമ്പോൾ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇത്ര കാർക്കശ്യത്തോടെ  നടപടിയെടുക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

'രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. പാർട്ടി പരിശോധിച്ചശേഷമാണ് നടപടിയെടുത്തത്. മറ്റുള്ളവർ നടപടി എടുത്തില്ലെന്ന് പറഞ്ഞ് ഞങ്ങൾക്ക് ഉഴപ്പാമായിരുന്നു.ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ആൾക്കെതിരെയാണ് നടപടി എടുത്തത്. റേപ്പ് കേസിലെ പ്രതിയെ സിപിഎം സംരക്ഷിക്കുകയാണ്.  രക്ഷപ്പെടുത്താൻ ഒരു ശ്രമവും നടത്താതെ പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം കാത്തു രക്ഷിക്കാനാണ് കോണ്‍ഗ്രസ് നടപടി എടുത്തത്'. സതീശന്‍ പറഞ്ഞു.

Advertising
Advertising

വനിതാ നേതാക്കൾക്കെതിരായി  ആര് സൈബർ അറ്റാക്ക് നടത്തിയാലും ശരിയല്ല.വനിതാ നേതാക്കൾ അവരുടെ അഭിപ്രായം പറഞ്ഞു. സിപിഎമ്മാണ് ആദ്യം സൈബർ അറ്റാക്ക് ചെയ്തു തുടങ്ങിയത്. സ്ത്രീകളെ സൈബർ അറ്റാക്ക് ചെയ്യുന്നത് മനോരോഗമാണെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്ത നടപടി  സ്വാഗതാർഹമെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പ്രതികരിച്ചു. രാഹുൽ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന അഭിപ്രായമില്ലെന്നും സുധാകരൻ പറഞ്ഞു. നിലവിലെ പാർട്ടി നടപടി മാതൃകാപരമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. വിഷയത്തിൽ കോൺഗ്രസ് സംയോജിതമായ തീരുമാനമെടുത്തിട്ടുണ്ടെന്നും ഉപതെരഞ്ഞെടുപ്പിനെ ഭയമില്ലെന്നും മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുലിനെതിരെ ശക്തമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. വിഷയത്തിൽ കെപിസിസി പ്രസിഡന്റ് വിശദമാക്കിയതിന് അപ്പുറം ഒന്നും പറയാനില്ലെന്നും നടപടി എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ബാധകമാണെന്നും ഷാഫി പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News