ദേശീയ രാഷ്ട്രീയത്തിൽനിന്ന് ആന്റണി വിടവാങ്ങുന്നു; ഇനി കേരളത്തിൽ

അധികാരരാഷ്ട്രീയത്തിന്റെ ഭാഗമല്ലാതെ ഇനിയുള്ള കാലം കേരളത്തിൽ പ്രവർത്തിക്കാനാണ് തീരുമാനം.

Update: 2022-04-02 05:02 GMT

ന്യൂഡൽഹി: എ.കെ ആന്റണി ദേശീയ രാഷ്ട്രീയത്തിലെ സജീവ പങ്കാളിത്തത്തിൽനിന്ന് വിടവാങ്ങി നാട്ടിലേക്ക് മടങ്ങുന്നു. ഈ മാസം അവസാനം അദ്ദേഹം തിരുവനന്തപുരത്തെ സ്വന്തം വീടായ 'അഞ്ജന'ത്തിൽ തിരിച്ചെത്തും. അധികാരരാഷ്ട്രീയത്തിന്റെ ഭാഗമല്ലാതെ ഇനിയുള്ള കാലം കേരളത്തിൽ പ്രവർത്തിക്കാനാണ് തീരുമാനം.

ശനിയാഴ്ചയാണ് സാങ്കേതികമായി രാജ്യസഭയിലെ കാലാവധി പൂർത്തിയാവുന്നത്. രാജ്യസഭയിലെ ഔദ്യോഗിക യാത്രയയപ്പ് വേളയിൽ പങ്കെടുത്ത് രണ്ടു ദിവസം മുമ്പേ അദ്ദേഹം പാർലമെന്റിന്റെ പടവുകൾ ഇറങ്ങി. രണ്ടാം തവണയും കോവിഡ് ബാധിച്ചതിന്റെ ക്ഷീണംമൂലം അവസാന പ്രവൃത്തി ദിവസം പാർലമെന്റിൽ പോയില്ല. യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കാനും നിന്നില്ല.

Advertising
Advertising

പ്രായം 81ലെത്തിയ തനിക്ക് പാർലമെന്റിൽ ഇനിയൊരു ഊഴം വേണ്ടെന്ന് ആന്റണി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. വീണ്ടൂം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കത്തിലൂടെ അറിയിച്ചു. 2005 മുതൽ 17 വർഷമാണ് തുടർച്ചയാണ് ആന്റണി രാജ്യസഭാംഗമായിരുന്നത്. അതിനുമുമ്പ് 1985, 1995 വർഷങ്ങളിലും അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിപദം രാജിവെച്ചതിന് പിന്നാലെ സോണിയാ ഗാന്ധിയുടെ താൽപര്യപ്രകാരമാണ് ആന്റണി ഡൽഹി രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്.

കോൺഗ്രസിന്റെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങൾക്കും പിന്നിൽ ആന്റണിയുടെ നിലപാടുകൾ നിർണായകമായിരുന്നു. കൂടുതൽ കാലം പ്രതിരോധമന്ത്രി പദവിയിലിരുന്ന വ്യക്തിയെന്ന സവിശേഷതയും ആന്റണിക്കാണ്. ഒന്നരപ്പതിറ്റാണ്ട് കാലത്തോളം നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരിൽ ഒരാളായിരുന്ന ആന്റണി പാർട്ടി വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News