വിവാദമായ 'കക്കുകളി' നാടകാവതരണം നിർത്തിവെക്കുന്നതായി ആലപ്പുഴ പുന്നപ്ര പറവൂർ പബ്ലിക്ക് ലൈബ്രറി

പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണയുടെ കെ.സി.ബി.സി പുരസ്കാരം നേടിയ 'തൊട്ടപ്പൻ'എന്ന കഥാസമാഹാരത്തിലെ ഒരുകഥയാണ് 'കക്കുകളി'

Update: 2023-05-09 09:58 GMT
Editor : ijas | By : Web Desk

ആലപ്പുഴ: വിവാദമായ കക്കുകളി നാടകാവതരണം തൽക്കാലം നിർത്തിവെക്കുന്നതായി ആലപ്പുഴ പുന്നപ്ര പറവൂർ പബ്ലിക്ക് ലൈബ്രറി. പറവൂർ ലൈബ്രറി പ്രസിഡൻ്റ് ഡോ. എസ്.അജയകുമാറും, സെക്രട്ടറി കെ.വി.രാഗേഷും പത്രക്കുറുപ്പിലൂടെയാണ് നാടകാവതരണം നിര്‍ത്തിവെച്ച കാര്യം അറിയിച്ചത്.

പറവൂർ പബ്ലിക്ക് ലൈബ്രറിയുടെ ഭാഗമായ നെയ്തൽ നാടകസംഘം അവതരിപ്പിച്ചു വരുന്ന 'കക്കുകളി' എന്ന നാടകം നിർഭാഗ്യവശാൽ വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ 75 വർഷമായി ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന ഏറ്റവും മികച്ച ലൈബ്രറിയാണ് പറവൂർ പബ്ലിക്ക് ലൈബ്രറി. ലൈബ്രറി ഏറ്റെടുത്തു നടത്തുന്ന വിവിധ സാംസ്കാരിക പരിപാടികളുടെ ഭാഗമായി സജീവമായി പ്രവർത്തിച്ചു വരുന്ന നാടക സംഘമാണ് 'നെയ്തൽ. കഴിഞ്ഞ ഒരു വർഷക്കാലമായി 'കക്കുകളി' എന്ന നാടകം വിവധ വേദികളിൽ അവതരിപ്പിച്ചു വരുകയാണ്. ലൈബ്രറിയുടെ 75ആം വാർഷികത്തിന്‍റെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തോടെയാണ് ഈ നാടകം ചിട്ടപ്പെടുത്തിയിട്ടുള്ളത്. സ്കൂൾ-കോളജ് കലോത്സവ വേദികളിലും 'കക്കുകളി' ശ്രദ്ധനേടിയിട്ടുള്ള നാടകമാണ്. പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണയുടെ കെ.സി.ബി.സി പുരസ്കാരം നേടിയ 'തൊട്ടപ്പൻ'എന്ന കഥാസമാഹാരത്തിലെ ഒരുകഥയാണ് 'കക്കുകളി'. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ കഥയുടെ നാടകാവിഷ്ക്കാരമാണ് നെയ്തൽ നാടക സംഘം അവതരിപ്പിച്ചു വന്നത്.

Advertising
Advertising

ഏതെങ്കിലും ഒരു ജനസമൂഹത്തെ വേദനിപ്പിക്കാനോ, നിന്ദിക്കാനോ ഉള്ള ബോധപൂർവ്വമായ ഒരു ശ്രമവും ലൈബ്രറി നടത്തിയിട്ടില്ല. എന്നാൽ നാടകം സംബന്ധിച്ച് ചില ആരോപണങ്ങളുംപ്രതിഷേധങ്ങളും കോടതി നടപടികളുമൊക്കെ നേരിടേണ്ടിവരുന്ന ഒരു സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. വിവാദങ്ങളും കോടതി നടപടികളുമായി മുന്നോട്ടു പോകുന്നത് ഒരു പൊതു ഇടമെന്ന നിലയിൽ ലൈബ്രറിക്ക് ഭൂഷണമല്ലെന്ന് ലൈബ്രറി ഭരണസമിതി വിലയിരുത്തുന്നു. ഒരു സാഹിത്യ സൃഷ്ടിയുടെ ആവിഷ്കാരമെന്ന നിലയിൽ അവതരിപ്പിച്ചുവരുന്ന നാടകത്തെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമായും ചില തൽപര കക്ഷികൾ ഏറ്റെടുക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാടകത്തെ സംബന്ധിച്ച് കോടതിയുടെയും പൊതുസമൂഹത്തിന്‍റെയും അഭിപ്രായ രൂപീകരണം ഉണ്ടാകേണ്ടതുണ്ട്. ആയതിനാൽ പറവൂർ പബ്ലിക്ക് ലൈബ്രറിക്കു കീഴിലുള്ള 'നെയ്തൽ' നാടകസംഘം അവതരിപ്പിച്ചു വന്ന 'കക്കുകളി' എന്ന നാടകത്തിന്‍റെ അവതരണം തല്‍ക്കാലം നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി പത്രക്കുറിപ്പിൽ അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News