മയക്കുമരുന്നിനെതിരെ ഇന്ന് സംസ്ഥാനം പ്രതിരോധച്ചങ്ങല തീര്‍ക്കും

എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും

Update: 2022-11-01 01:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനം പ്രതിരോധച്ചങ്ങല തീര്‍ക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചയ്ക്ക് 3.30ന് നിർവഹിക്കും. എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും.

വിദ്യാര്‍ഥികളും രക്ഷിതാക്കളും ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും ഗ്രന്ഥശാലകളും വ്യാപാരികളും പൊതുജനങ്ങളുമെല്ലാം ശൃംഖലയില്‍ കണ്ണി ചേരും. ഉച്ചയ്ക്ക് 2.30ന് തന്നെ ശൃംഖലയ്ക്കായി കേന്ദ്രീകരിക്കണം. ട്രയലിന് ശേഷം കൃത്യം മൂന്ന് മണിക്ക് ശൃംഖല തീര്‍ക്കും. ശേഷം എല്ലാവരും മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുക്കും. തിരുവനന്തപുരത്ത് ഗാന്ധി പാർക്ക് മുതൽ അയ്യങ്കാളി സ്ക്വയർ വരെയാണ് ശൃംഖല. ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചിടുന്ന പരിപാടിയും നടക്കും. വാര്‍ഡുകളില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങളില്ലാത്ത വാര്‍ഡുകളില്‍ പ്രധാന കേന്ദ്രങ്ങളിലായിരിക്കും പരിപാടി.

തിരുവനന്തപുരത്ത് മന്ത്രിമാരായ കെ.രാജൻ, എം.ബി രാജേഷ്, വി. ശിവൻകുട്ടി, ഡോ. ആര്‍.ബിന്ദു, ജി.ആര്‍ അനില്‍, ആന്‍റണി രാജു , വീണാ ജോര്‍ജ് എന്നിവർ കണ്ണി ചേരും. മന്ത്രി കെ.എൻ ബാലഗോപാല്‍ കൊല്ലം കലക്ടറേറ്റിലും ജെ.ചിഞ്ചുറാണി ചടമംഗലം കരുവോൺ സ്കൂളിലും ശൃംഖലയുടെ ഭാഗമാകും. മന്ത്രി കെ.രാധാകൃഷ്ണൻ തൃശൂരിലും പി.രാജീവ് കൊച്ചി മറൈൻ ഡ്രൈവിലും മുഹമ്മദ് റിയാസ് കോഴിക്കോട് കാരപ്പറമ്പിലും വി.എൻ വാസവനും എ.കെ ശശീന്ദ്രനും കോട്ടയത്തും കെ.കൃഷ്ണൻകുട്ടി പാലക്കാടും പി.പ്രസാദ് ആലപ്പുഴയിലും ലഹരി വിരുദ്ധ ശൃംഖലയില്‍ കണ്ണിചേരും.

യു.ഡി.എഫിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ കൊച്ചിയില്‍

യു.ഡി.എഫിന്‍റെ ലഹരി വിരുദ്ധ ക്യാമ്പയിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10 മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിക്കും. നവംബര്‍ 10 മുതല്‍ 20 വരെ എല്ലാ ജില്ലകളിലും ക്യാമ്പയിൻ സംഘടിപ്പിക്കാനാണ് തീരുമാനം. നവംബർ, ഡിസംബർ മാസങ്ങളിൽ നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളിലും ക്യാമ്പയിനുകൾ നടക്കും.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News