Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
പത്തനംതിട്ട: ആറന്മുള സര്‍ക്കാര്‍ വി.എച്ച്.എസ് എസ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. രാവിലെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാന്‍ ആവാതെ പുറത്തായിരുന്നു. മഴപെയ്തതോടെ ഹാളിലേക്ക് കുട്ടികളെ മാറ്റി. ഇന്നലെയാണ് മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയ നോട്ടിസ്‌നല്‍കിയത്.
തേവലക്കര സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഫിറ്റ്‌നസ് കര്‍ശനമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറന്മുള സ്‌കൂളിന് ബലക്ഷയമുള്ളത് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇന്നുമുതല്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നത് വിലക്കിയത്. തുടര്‍ന്ന് ഓഡിറ്റോറിയം തുറന്ന് നല്‍കി കുട്ടികളെ അവിടേക്ക് മാറ്റുകയായിരുന്നു.