Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: രാഹുലിനെയും ഫിറോസിനെയും പോലെയാണോ എല്ലാ കോൺഗ്രസുകാരും ലീഗുകാരുമെന്ന ചോദ്യവുമായി കെ.ടി ജലീൽ എംഎൽഎ. ഇതേപോലെയാണ് പൊലീസിന്റെയും കാര്യമെന്നും പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടി പൊലീസാകെ പ്രശ്‌നമാണെന്ന് പറയരുതെന്നും കെ.ടി ജലീൽ പറഞ്ഞു.
പുഴുക്കുത്തുകളായ 144 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട സംസ്ഥാന സർക്കാരാണിതെന്നും ഒരുകാലത്തും നടപടി എടുക്കാത്തത് യുഡിഎഫ് ആയിരുന്നുവെന്നും അടിയന്തരപ്രമേയ ചർച്ചയിൽ കെ.ടി ജലീൽ കൂട്ടിച്ചേർത്തു. ഭ്രൂണത്തിൽവെച്ച് കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയാണ് എല്ലാ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എന്ന് കരുതുന്നില്ല. പാർട്ടി പ്രവർത്തനം നാട്ടിൽ നടത്തുകയും അഞ്ചേകാൽ ലക്ഷം രൂപ ഗൾഫിൽ നിന്ന് ശമ്പളം പറ്റുകയും ചെയ്യുന്ന മായാവിയായ രാഷ്ട്രീയക്കാരൻ പി കെ ഫിറോസിനെ പോലെയല്ല യൂത്ത് ലീഗ് അംഗങ്ങളും പ്രവർത്തകരുമെന്ന് ജലീൽ ചൂണ്ടിക്കാട്ടി.
പൊലീസ് സേന രൂപീകൃതമായത് 2016 ആദ്യ എൽഡിഎഫ് സർക്കാർ വന്നപ്പോഴാണ് എന്ന തരത്തിലാണ് പ്രതിപക്ഷ അംഗങ്ങളുടെ ചർച്ച. ചർച്ചക്കൊടുവിൽ മുഖ്യമന്ത്രി മറുപടി പറയാൻ എണീക്കുന്നതിന് മുന്നേ പ്രതിപക്ഷം ചർച്ച ബഹിഷ്കരിച്ച് പോകരുതെന്നും ജലീൽ പറഞ്ഞു.