പി.സിയും കാസയും മുന്നിൽനിന്നു; എന്നിട്ടും തുന്നംപാറി ബിജെപി

സ്ഥാനാർഥി പ്രഖ്യാപനം വൈകിയതിൽ പ്രവർത്തകർക്ക് അതൃപ്തിയുണ്ടായിരുന്നു എങ്കിലും സംസ്ഥാന ഭാരവാഹിയായ എ.എൻ രാധാകൃഷ്ണൻ തന്നെ സ്ഥാനാർഥിയായതോടെ മുന്നേറ്റമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം.

Update: 2022-06-03 10:57 GMT
Advertising

കൊച്ചി: പി.സി ജോർജും കാസയും അടക്കം വർഗീയ പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാറി ബിജെപി. മുതിർന്ന നേതാവായ എ.എൻ രാധാകൃഷ്ണനെ തന്നെ രംഗത്തിറക്കിയിട്ടും ബിജെപി പൂർണമായും അപ്രസക്തമായി. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 12,957 വോട്ടുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും നേടിയതിനേക്കാൾ വോട്ട് ശതമാനത്തിലും ബിജെപി ഇത്തവണ വളരെ താഴെപ്പോയി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി20 സ്ഥാനാർഥി ഡോ. ടെറി തോമസ് 13,897 വോട്ടുകൾ പിടിച്ചിട്ടും എൻഡിഎ സ്ഥാനാർഥി എസ് സജി 15,483 വോട്ടുകൾ നേടിയിരുന്നു. എന്നാൽ ഇത്തവണ ട്വന്റി20 കളത്തിലില്ലാതിരുന്നിട്ടും 12,957 വോട്ടുകൾ മാത്രമാണ് എ.എൻ രാധാകൃഷ്ണന് നേടാനായത്.

സ്ഥാനാർഥി പ്രഖ്യാപനം വൈകിയതിൽ പ്രവർത്തകർക്ക് അതൃപ്തിയുണ്ടായിരുന്നു എങ്കിലും സംസ്ഥാന ഭാരവാഹിയായ എ.എൻ രാധാകൃഷ്ണൻ തന്നെ സ്ഥാനാർഥിയായതോടെ മുന്നേറ്റമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. കേന്ദ്രമന്ത്രി വി. മുരളീധരൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സുരേഷ് ഗോപി എം.പി, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരൊക്കെ മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു.

വിദ്വേഷപ്രസംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പി.സി ജോർജ് നേരെപ്പോയത് തൃക്കാക്കരയിലേക്കായിരുന്നു. അദ്ദേഹത്തെ രക്തസാക്ഷി പരിവേഷത്തോടെ മുന്നിൽനിർത്തി നേട്ടമുണ്ടാക്കാമെന്ന് ബിജെപി കരുതിയെങ്കിലും തൃക്കാക്കരയിലെ ജനങ്ങൾ ജോർജിനെ പരിഗണിച്ചിട്ടേയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

മണ്ഡലം രൂപീകരിച്ച 2011ൽ എൻഡിഎ്ക്കു വേണ്ടി മത്സരത്തിനിറങ്ങിയ എൻ. സജി കുമാർ 5935 വോട്ട് (5.04 ശതമാനം) നേടി സാന്നിധ്യമറിയിച്ചു. യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ 22,406 വോട്ടുകൾക്കാണ് അന്ന് വിജയിച്ചത്. 2016ലാണ് ബിജെപി ശക്തമായ നിലയിൽ ഈ മണ്ഡലത്തിൽ സാന്നിധ്യമറിയിക്കുന്നത്. എൻഡിഎയുടെ എസ്. സജി 21,247 (15 ശതമാനം) വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തി. മുൻ തെരഞ്ഞെടുപ്പിനേതിനേക്കാൾ 10.66 ശതമാനം വോട്ടുകളാണ് ആ വർഷം എൻഡിഎയ്ക്ക് കൂടിയത്. 11,966 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർഥി പി.ടി. തോമസ് വിജയിച്ചു.

ട്വന്റി20 കൂടി കളത്തിലിറങ്ങിയ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്. സജി തന്നെയായിരുന്നു സ്ഥാനാർഥിയെങ്കിലും മുൻ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 5,000-ത്തിലധികം വോട്ടുകൾ കുറഞ്ഞ് 15,483-ൽ (11.34 ശതമാനം) എത്തി. ബിജെപിയുടെയും നാലാം സ്ഥാനത്തെത്തിയ ട്വന്റി20 സ്ഥാനാർഥി ഡോ. ടെറി തോമസിന്റെയും വോട്ടുകൾ തമ്മിലുള്ള വ്യത്യാസം 1.16 ശതമാനം മാത്രമായിരുന്നു. ഇത്തവണ ട്വന്റി20 മത്സരത്തിനില്ലാതിരുന്നിട്ടും ബിജെപിയുടെ വോട്ടു വിഹിതം കൂടിയില്ല എന്നു മാത്രമല്ല കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ലഭിച്ചതിനേക്കാൾ കുറയുകയും ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News