സാമുദായിക സമവാക്യം തകർന്നെന്ന് ആക്ഷേപം; ഭാരവാഹി പട്ടികയെ ചൊല്ലി ബിജെപിയില്‍ ഭിന്നത കടുക്കുന്നു
ബിജെപിയെ നായർ പാർട്ടിയാക്കുന്നെന്ന് പരാതി
തിരുവനന്തപുരം:ബിജെപി ഭാരവാഹി പട്ടികയെ ചൊല്ലിയുള്ള തർക്കം പുതിയതലത്തിൽ.മുരളീധരൻ, സുരേന്ദ്രൻ പക്ഷങ്ങളെ അവഗണിച്ചുന്നതിനപ്പുറം പാർട്ടിയിലെ സാമുദായിക സമവാക്യം തകർത്തെന്നാണ് ആക്ഷേപം. പുതിയ ഭാരവാഹി പട്ടികയിൽ നാല് പേർ മാത്രമാണ് ഈഴവ വിഭാഗത്തിൽ നിന്നുള്ളത്. രാജീവ് ചന്ദ്രശേഖരന്റെ നിലപാടിനെതിരെ ഉടൻ കേന്ദ്ര നേതൃത്വത്തിന് നേതാക്കൾ പരാതി നൽകും.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബിജെപിയെ നായർ ജനതാ പാർട്ടിയാക്കുന്നുവെന്നാണ് പുതിയ പരാതി. 'സേവ് ബിജെപി' ഫോറമെന്ന പേരിൽ പാർട്ടി ഗ്രൂപ്പുകളിലാണ് പ്രചാരണം നടക്കുന്നത്. പുതുതായി പ്രഖ്യാപിച്ച 27 അംഗ സംസ്ഥാന ഭാരവാഹി പട്ടികയിൽ 17 പേരും നായർ വിഭാഗത്തിലുള്ളവരാണ്. അഞ്ച് മേഖലാ കൺവീനർമാരിൽ നാലുപേരും ജനറൽ വിഭാഗക്കാരും.
പുതിയ ഒമ്പത് വക്താക്കളിൽ എല്ലാവരും ജനറൽ വിഭാഗത്തിലുള്ളവർ. ഇതുവരെ പ്രഖ്യാപിച്ച 41 ചുമതലക്കാരിൽ 28 പേർ നായർ വിഭാഗത്തിലും രണ്ടുപേർ നമ്പൂതിരി വിഭാഗത്തിലും ഉൾപ്പെട്ടവർ. ഇതിൽ ആകെയുള്ളത് നാല് ഈഴവ വിഭാഗക്കാർ മാത്രമാണ്.ഹിന്ദു ഐക്യം വേണമെന്ന് പ്രസംഗിക്കുന്ന നേതാക്കൾ ഭാരവാഹി പട്ടികയിൽ അത് പാലിച്ചില്ലെന്നാണ് ആക്ഷേപം.
'ഇക്കഴിഞ്ഞ നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറ്റത്തിന് കാരണം ഈഴവ വിഭാഗത്തിൻ്റെ പിന്തുണയാണ്. സിപിഎമ്മിൻ്റെ പോലും വോട്ടുകളിൽ വിള്ളൽ വരുത്തിയാണ് ആ പിന്തുണ നേടിയത്. അത് നിലനിർത്തിയാൽ മാത്രമേ അമിത് ഷായുടെ 2026-ലെ ഭരണമെന്ന് സ്വപ്നത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ'. ബി.ജെ.പിയെ കരയോഗം കമ്മിറ്റിയാക്കി, വരേണ്യ പാർട്ടിയാക്കാനാണ് പുതിയ അധ്യക്ഷൻ്റെ നീക്കമെന്നാണ് പുതിയ ഭാരവാഹി പട്ടിക പ്രകാരം നേതാക്കൾ ഉന്നയിക്കുന്ന വിമർശനം. ഇതിനിടെ ഭാരവാഹി പ്രഖ്യാപനത്തിനെതിരെ കൂടുതൽ നേതാക്കൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തും. കേന്ദ്ര നേതൃത്വത്തിന് മുരളീധരൻ -സുരേന്ദ്രൻ പക്ഷങ്ങൾ ഉടൻ പരാതി നൽകും.