തൃശൂരിൽ ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടും -കെ. മുരളീധരൻ

‘മൂന്ന് മാസം മുമ്പ് തന്നെ തൃശൂരിലേക്ക് മാറാൻ ടി.എൻ. ​പ്രതാപൻ ആവശ്യപ്പെട്ടിരുന്നു’

Update: 2024-03-08 15:24 GMT

 കെ. മുരളീധരന്‍

Advertising

കോഴിക്കോട്: ബി.ജെ.പിയെ എതിർക്കാനുള്ള ഒരു അവസരവും ഇതുവരെ പാഴാക്കിയിട്ടില്ലെന്ന് കെ. മുരളീധരൻ എം.പി. തൃശൂർ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്നശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുകയാണ് ലക്ഷ്യം. അവിടെ ജയിച്ച് സീറ്റ് നിലനിർത്തും. ജനങ്ങളുടെ മനസ്സിലേക്ക് ഒരു​ എൻട്രിയാണ് താൻ ആഗ്രഹിക്കുന്നത്. പാർട്ടി ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കുന്നു. നാളെ തന്നെ തൃശൂരിലേക്ക് പോകുമെന്നും കെ. മുരളീധരൻ പറഞ്ഞു.

മൂന്ന് മാസം മുമ്പ് തന്നെ തൃശൂരിലേക്ക് മാറാൻ ടി.എൻ. ​പ്രതാപൻ ആവശ്യപ്പെട്ടിരുന്നു. ലീഡറുടെ തട്ടകത്തിൽ അദ്ദേഹത്തിന്റെ മകൻ തന്നെ വേണമെന്നാണ് ടി.എൻ. പ്രതാപൻ പറഞ്ഞത്. തെരഞ്ഞെടുപ്പിന്റെ എല്ലാ കാര്യങ്ങളും നിർവഹിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. പക്ഷെ, തനിക്ക് വടകരയുണ്ടെന്നും മറ്റു താൽപര്യങ്ങളുമില്ലെന്നുമാണ് അന്ന് പറഞ്ഞത്.

താൻ വടകരയിൽനിന്ന് പോകുന്നതിൽ പലർക്കും ദുഃഖമുണ്ട്. നല്ല മിടുക്കനായ ചെറുപ്പക്കാരനാണ് വടകരയിലെ കോൺഗ്രസ് സ്ഥാനാർഥിയായ ഷാഫി പറമ്പിൽ. അതിനാൽ തന്നെ സി.പി.എം സ്ഥാനാർഥി ശൈലജ ടീച്ചർക്ക് ഡൽഹിയിലേക്ക് വിമാന ടിക്കറ്റ് എടുക്കേണ്ടി വരില്ല.

പത്മജയെ മുന്നിൽ നിർത്തിയാൽ ബി.ജെ.പിക്ക് സുഖമായി മൂന്നാം സ്ഥാന​ത്തേക്ക് പോകാം. അതോടെ തന്റെ ജോലി ഭാരം കുറയും. വർഗീയതക്കെതിരായ ഗ്യാരണ്ടിയാണ് തനിക്ക് നൽകാനുള്ളത്.

ചതി ആര് കാണിച്ചാലും അത് കേരളത്തിന്റെ മണ്ണിൽ ചെലവാകില്ല. കെ. കരുണാകാരൻ എന്നും കോൺഗ്രസിന്റെ സ്വത്താണ്. അത് ആര് വിചാരിച്ചാലും തട്ടിയെടുക്കാൻ സാധിക്കില്ല. അദ്ദേഹത്തിന്റെ ആത്മാവിന്റെ മുകളിൽ പോലും സംഘി പതാക പുതപ്പിക്കാൻ തങ്ങൾ സമ്മതിക്കില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News