'നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിലുള്ള സ്ഥാനാർഥിക്ക് വിജയസാധ്യത'; എം.സ്വരാജ്
2001 ലെ നിയമസഭ, 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പുകൾ അത് തെളിയിച്ചെന്നും സ്വരാജ് മീഡിയവണിനോട്
നിലമ്പൂർ: നിലമ്പൂരിൽ പാർട്ടി ചിഹ്നത്തിലുള്ള സ്ഥാനാർഥിക്ക് വിജയസാധ്യതയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്. നിലമ്പൂരിൽ പാര്‍ട്ടി ചിഹ്നത്തിലും സ്വതന്ത്ര ചിഹ്നത്തിലും മത്സരിച്ച് ജയിച്ച മണ്ഡലമാണ്. രണ്ടു ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ട മണ്ഡലം കൂടിയാണിതെന്നും സ്വരാജ് പറഞ്ഞു. മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'2001 നിയമസഭ, 2004 ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ അത് തെളിയിച്ചു. സ്വതന്ത്രൻ മത്സരിച്ചിട്ടും 2001 ൽ കനത്ത പരാജയം ഏല്‍ക്കേണ്ടി വന്നു. 2004 ൽ നിലമ്പൂർ സെഗ്മെന്റിൽ വൻ മുന്നേറ്റമുണ്ടായി. മുന്‍വിധികളെ അപ്രസക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ്.ജനങ്ങളാണ് വിധിയെഴുതുക. ഇത്തവണ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് അണികളും പ്രതീക്ഷിക്കുന്നത്.എല്ലാവരും ആ ആവേശത്തിലാണ്. പി.വി അൻവറിന്റെ പിന്തുണയില്ലാതെ മികച്ച വിജയം നേടുമെന്നാണ് ആത്മവിശ്വാസം'...അദ്ദേഹം പറഞ്ഞു.
പ്രതിയോഗികളെ വിലകുറച്ച് കാണാറില്ലെന്നും ഏത് തെരഞ്ഞെടുപ്പിലും പ്രതിയോഗികളെ പരസ്പര ബഹുമാനത്തോടെ കാണുന്ന ആളാണ് താനാണെന്നും സ്വരാജ് പറഞ്ഞു.
'എതിര്‍ സ്ഥാനാര്‍ഥികളെ ഒരിക്കലും വില കുറച്ച് കാണാറില്ല. എല്ലാ തെരഞ്ഞെടുപ്പിലും എതിരാളികളെ ശക്തരായി തന്നെയാണ് കാണാറ്.ഈ തെരഞ്ഞെടുപ്പിലും പരസ്പര ബഹുമാനത്തോടു കൂടിയാണ് സ്ഥാനാർഥികളെ കണ്ടത്. ജനാധിപത്യം അർഥപൂർണമാകണമെങ്കിൽ തെരഞ്ഞെടുപ്പുകൾ ശക്തമാകണം. ശക്തമായ തെരഞ്ഞെടുപ്പ് നടക്കണെന്നാണ് എന്‍റെയും ആഗ്രഹം'. എം.സ്വരാജ് പറഞ്ഞു.