ഈഴവനായതിനാൽ കഴക ജോലിയിൽ നിന്ന് മാറ്റി; കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം

തന്ത്രിമാർ അയിത്തത്തോടെ പെരുമാറിയെന്ന് ദേവസ്വം ബോർഡ് അംഗം

Update: 2025-03-09 07:45 GMT
Editor : Lissy P | By : Web Desk

തൃശൂര്‍: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരന് ജാതി വിവേചനം. ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് വഴി നിയമിച്ച ബാലുവിനെ ഓഫീസിലേക്ക് മാറ്റി. തന്ത്രി, വാര്യർ സമാജം എതിർപ്പിനെ തുടർന്നാണ് കഴകക്കാരനെ മാറ്റിയത്. ബാലുവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ആറ് തന്ത്രിമാർ ദേവസ്വത്തിന് കത്തുനൽകി.എന്നാല്‍ സ്ഥലംമാറ്റം താൽക്കാലികമെന്നാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം.

ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശി ബാലു കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകക്കാരനായി നിയമിക്കപ്പെട്ടത്. അന്നുമുതൽ ബാലുവിനെ മാറ്റുന്ന മാർച്ച് 7 വരെ തന്ത്രി കുടുംബങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്നും വിട്ടു നിന്നു. ഈഴവ സമുദായത്തിൽപ്പെട്ട ബാലു കഴകക്കാരനായതാണ് തന്ത്രിമാരുടെ എതിർപ്പിന് കാരണം. ഇന്ന് നടക്കുന്ന പ്രതിഷ്ഠാദിനത്തെ ബാധിക്കുമെന്നും ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുമെന്നും കരുതിയാണ് ബാലുവിനെ താൽക്കാലികമായി മാറ്റിയതെന്നാണ് ദേവസ്വം ബോർഡിൻറെ വിശദീകരണം.

Advertising
Advertising

ബാലു നിലവിൽ ഏഴു ദിവസം അവധിയിലാണ്. ബാലുവിനോട് അയിത്തത്തോടെയാണ് ക്ഷേത്രത്തിനുള്ളിൽ പെരുമാറിയിരുന്നതെന്നും ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.ജി അജയകുമാർ   പറഞ്ഞു. അമ്പലവാസികളായ വാര്യർ കുടുംബത്തിനാണ് കഴകത്തിനുള്ള അധികാരമെന്നാണ് തന്ത്രിമാരുടെ വാദം.തന്ത്രിമാർക്ക് പിന്നാലെ വാര്യർ സമാജവും ബാലുവിന്റെ നിയമനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് വാര്യർ സമാജത്തിന്റെ തീരുമാനം.

കഴകക്കാരനെ നിലനിർത്താൻ തടസമെന്താണെന്ന് സർക്കാർ വിശദീകരിക്കണമെന്നും ജാതി വിവേചനം നിലനിർത്താൻ ദേവസ്വം ബോർഡ് കൂട്ടുനിൽക്കുന്നുവെന്നും ദലിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News