മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയിലേക്ക്; വിവാദങ്ങൾക്ക് മറുപടി പറയുമോയെന്ന ആകാംക്ഷയിൽ കേരളം

മുഖ്യമന്ത്രി ആറ് മാസമായി മന്ത്രി വായ് തുറക്കുന്നില്ലെന്നാണ് പ്രതിപക്ഷ പരിഹാസം

Update: 2023-08-24 00:58 GMT
Editor : Lissy P | By : Web Desk

പുതുപ്പള്ളി: മാസപ്പടി അടക്കമുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്ന് പുതുപ്പള്ളിയിലേക്ക്. ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകുമോഎന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. പരിപാടിയിൽ ആളെ തികയ്ക്കാൻ കീഴ് ഘടകങ്ങൾക്ക് ക്വാട്ട നിശ്ചയിച്ച് നൽകിയിരിക്കുകയാണ് ജില്ലാ നേതൃത്വം.

കരിമണൽ കമ്പനിയിൽ നിന്നും വീണ വിജയൻ മാസപ്പടി പറ്റിയെന്ന ആരോപണം ഉയർന്നിട്ട് ആഴ്ച രണ്ട് കഴിഞ്ഞു. എന്നാൽ വിഷയത്തിൽ മൗനം തുടരുകയാണ് മുഖ്യമന്ത്രി.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചരണ വിഷയവും മാസപ്പടി തന്നെ. ആരോപണങ്ങൾക്ക് മറുപടി നൽകാൻ പ്രതിപക്ഷം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി  ആറ് മാസമായി മന്ത്രി വായ് തുറക്കുന്നില്ലെന്നാണ് പ്രതിപക്ഷ പരിഹാസം. പ്രതിപക്ഷ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന ചോദ്യം.

Advertising
Advertising

തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെക്കുറിച്ചും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാസപ്പടിക്ക് പുറമെ സർക്കാരിനെതിരെ പ്രതിപക്ഷം അക്കമിട്ട് നിരത്തിയ ആറ് അഴിമതി ആരോപണങ്ങൾ വേറെയുമുണ്ട്. ഇതിനെല്ലാം മറുപടി നൽകാൻ മുഖ്യമന്ത്രി പുതുപ്പള്ളി വേദിയാക്കുമോ എന്നതാണ് കാത്തിരുന്നു കാണണ്ടത്. വിവാദ വിഷയങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയാൽ അതും പ്രതിപക്ഷം ആയുധമാക്കുമെന്നുറപ്പ്. അതിനിടെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളിൽ ആളെണ്ണം തികയ്ക്കാൻ ജില്ലാ നേതൃത്വം കീഴ് ഘടങ്ങൾക്ക് ക്വാട്ട നിശ്ചയിച്ച് നൽകിയിട്ടുണ്ട്. ഇന്ന് പുതുപ്പള്ളിയിൽ നടക്കുന്ന യോഗത്തിലേക്ക് മൂവായിരം പേരെയും അയർക്കുന്നത്തെ പരിപാടിയിൽ 3500 പേരെയും പങ്കെടുപ്പിക്കാനാണ് നിർദേശം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News