വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

ശനിയാഴ്ച വിവിധ പരിപാടികൾക്കായി കോഴിക്കോടെത്തിയപ്പോഴായിരുന്നു സന്ദർശനം

Update: 2022-12-20 07:56 GMT
Editor : Lissy P | By : Web Desk
Advertising

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട്ടിലെത്തി. കഴിഞ്ഞയാഴ്ച ഫാരിസ് അബൂബക്കറിന്റെ പിതാവ് മമത അബൂബക്കർ മരണപ്പെട്ടിരുന്നു. ഈ പശ്ചത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.

ശനിയാഴ്ച വിവിധ പരിപാടികൾക്കായി കോഴിക്കോടെത്തിയ മുഖ്യമന്ത്രി വൈകിട്ട് 8 മണിക്കാണ് കൊയിലാണ്ടിക്ക് സമീപനം നന്തിയിലുള്ള ഫാരിസ് അബൂബക്കറിന്റെ വീട്ടിൽ കയറിയത്. ദീപിക ദിനപത്രം മുൻ ഡയറക്ടറായിരുന്ന ഫാരിസ് അബൂബക്കറിനെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവൻ എന്ന് വിളിച്ചത് ഏറെ വിവാദമായിരുന്നു. പിണറായി വിജയന് ഫാരിസ് അബൂബക്കറുമായി ബന്ധമുണ്ടായിരുന്നെന്ന ആരോപണങ്ങളും ആ സമയത്ത് ഉയർന്നിരുന്നു.

ഡിസംബര്‍ 13നാണ് ഫാരിസ് അബൂബക്കറിന്റെ പിതാവ് മുണ്ടയിൽ മമത അബൂബക്കർ അന്തരിച്ചത്.ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഫാരിസ് അബൂബക്കർ 

ദീപിക ദിനപത്രത്തിന്റെ മുൻ ഉടമസ്ഥനും, നിലവിൽ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്സുകാരനുമാണ് എം.എ. ഫാരിസ് എന്ന ഫാരിസ് അബൂബക്കർ. നഷ്ടത്തിലായ ദീപിക ദിനപത്രത്തിന് ഫാരിസ് സംഭാവന നൽകുകയും പിന്നീട് അത് പത്രവ്യവസായി എന്ന നിലയിൽ ഏറ്റെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ദീപികയിലെ പത്രപ്രവർത്തകർ ഉൾപ്പെടെ ഇരുന്നൂറോളം ജീവനക്കാരെ സ്വയം വിരമിക്കൽ പദ്ധതിയുടെ മറവിൽ നിർബന്ധിതമായി പുറത്താക്കിയത് വിവാദമായിരുന്നു.

2007ൽ കണ്ണൂരിൽ നടന്ന നായനാർ സ്മാരക ഫുട്ബോൾ മേളയുടെ വിജയത്തിന് 60 ലക്ഷം രൂപ സ്പോൺസർഷിപ്പ് വെളിപ്പെടുത്താതെ നൽകിയത് ഫാരിസാണെന്നാണ് ആരോപണം ഉയർന്നിരുന്നു. ഈ സംഭവത്തോടെയാണ് ഫാരിസ് വാർത്തകളിൽ ഇടം പിടിച്ചത്. ഈ സംഭവം വി.എസ്.പക്ഷം ഇ.പി.ജയരാജനും പിണറായിക്കുമെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കുകയും ചെയ്തു.

സി.പി.എമ്മിലെ എതിർ വിഭാഗത്തിന്റെ പക്ഷം പിടിച്ചുകൊണ്ടും തനിക്കെതിരായും ദീപികയിൽ തുടരെ വാർത്തകൾ വന്നതിന് പിന്നാലെ അന്നത്തെ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദൻ ഫാരിസിനെ 'വെറുക്കപ്പെട്ടവൻ' എന്ന് വിശേഷിപ്പിച്ചു. ജീർണതയുടെ അഴുക്കുപുരണ്ട കറൻസി പാർട്ടിക്ക് വേണ്ടെന്ന് പറയുന്നതിനിടെയാണ് വി.എസ്.അച്യുതാനന്ദൻ ഫാരിസിനെ 'വെറുക്കപ്പെട്ടവൻ' എന്ന് പരാമർശിച്ചത്.

ഈ പരാമർശം മാധ്യമങ്ങളിൽ വളരെ ചർച്ചാ വിഷയമാവുകയും  ചെയ്തപ്പോൾ പാർട്ടി ചാനലായ കൈരളിയിൽ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു. അഭിമുഖത്തിൽ വി.എസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഫാരിസ് ഉന്നയിച്ചത്.

ഈ അഭിമുഖത്തിനുശേഷം ഫാരിസ് പി.ടി. ഉഷയുടെ സ്‌കൂൾ ഓഫ് അത്ലറ്റിക്‌സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാർത്തയും പുറത്തു വന്നിരുന്നു. ഫാരിസിന്റെ മൂന്നു കമ്പനികളിൽനിന്ന് 50 ലക്ഷം അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണൽ കിഡ്‌നി ഫൗണ്ടേഷൻ നൽകിയ കേസിൽ അദ്ദേഹത്തിന് സിംഗപ്പൂർ കോടതി സമ്മൻസ് അയച്ചു എന്ന വാർത്തയും ഏറെ വിവാദമായി.

2008 സെപ്റ്റംബർ മൂന്നിന് നടത്തിയ വാർത്താ സമ്മേളനത്തിൽ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ആവർത്തിക്കുകയും ചെയ്തിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News