'പട്ടിയെപ്പോലെ തല്ലിയിട്ടുണ്ട്,അമ്മായിയച്ചൻ മോശമായി പെരുമാറിയിട്ടും കണ്ടില്ലെന്ന് നടിച്ചു'; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷാർജയിൽ മരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പ്‌

ഭർത്താവ് നിതീഷ് മോഹനും സഹോദരി നീതുവുമാണ് ഒന്നാം പ്രതികളെന്നും രണ്ടാം പ്രതി ഭർത്താവിന്റെ അച്ഛനായ മോഹൻ ആണെന്നും വൈഷ്ണവി എഴുതിയ കുറിപ്പിലുണ്ട്

Update: 2025-07-11 06:52 GMT
Editor : Lissy P | By : Web Desk

കൊല്ലം:​ഷാർജയിൽ കൊല്ലം സ്വദേശിനി മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ കാരണം ഭർതൃപീഡനമെന്ന് പരാതി. ഭർത്താവില്‍ നിന്നും  ഭര്‍തൃവീട്ടുകാരിൽ നിന്നും നേരിട്ട പീഡനത്തെ കുറിച്ചുള്ള യുവതിയുടെ ഓഡിയോ സന്ദേശവും ആത്മഹത്യാക്കുറിപ്പും പുറത്തുവന്നു. കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയെയും മകള്‍ വൈഭവിയെയുമാണ് ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

വിദേശത്ത് ജോലിയുണ്ടായിരുന്ന വിപഞ്ചികയെ 2020 നവംബറിലാണ് കോട്ടയം സ്വദേശി നിധീഷ് വിവാഹം കഴിക്കുന്നത്. അതിന് പിന്നാലെ ഭർതൃവീട്ടുകാരുടെ പീഡനം തുടങ്ങിയെന്നാണ് ആരോപണം. 

Advertising
Advertising

തന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും പട്ടിയെപോലെ തല്ലിയിട്ടുണ്ടെന്നും ആഹാരം തന്നില്ലെന്നും വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 'ശാരീരികമായി ഉപ്രദവിച്ചിട്ട് അപകടം പറ്റിയതാണെന്ന് പറയും. ഏഴുമാസം ഗർഭിണിയായിരിക്കെ തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. കല്യാണം ആഡംബരമായി നടത്തിയില്ല,സ്ത്രീധനം കുറഞ്ഞുപോയി,കാർ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് കൊല്ലാക്കൊല ചെയ്തു. കുഞ്ഞിന് വേണ്ടി എല്ലാം ക്ഷമിച്ചു. ഭർത്താവ് നിതീഷിന്റെ അച്ഛൻ എന്നോട് മോശമായി പെരുമാറിയെന്നറിഞ്ഞിട്ടും പ്രതികരിച്ചില്ല. ഒരുപാട് കാശുള്ളവരാണ്.എന്നിട്ടും എന്റെ സാലറിക്ക് വേണ്ടി ദ്രോഹിച്ചുകൊണ്ടിരുന്നു. എല്ലാവർക്കും എല്ലാമറിയാം..ഈ ലോകം പണമുള്ളവരുടെ കൂടായാണ്. ഉപ്രദവിച്ചതിന് ശേഷം കുഞ്ഞിനെയും എന്നെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി'-കുറിപ്പിൽ പറയുന്നു.

'എന്റെ കുഞ്ഞിന്റെ സ്വർണം കൈക്കലാക്കി,എന്റെ സ്വർണം കൈക്കലാക്കാൻ സാധിച്ചില്ല.പണം കൈക്കലാക്കാൻ സാധിച്ചില്ല.അതിന് എന്നെ ഉപദ്രവിച്ചുകൊണ്ടേയിരുന്നു. പണമില്ലാത്ത പെൺകുട്ടികൾ കല്യാണം കഴിക്കാത്തതാണ് എന്നും നല്ലത്'.. മരിക്കാൻ ഒരാഗ്രഹവുമില്ല,എന്റെ കുഞ്ഞിന്റെ മുഖവും ചിരിയും കണ്ട കൊതി തീർന്നിട്ടില്ലെന്നും വിപഞ്ചികയുടെ കത്തിലുണ്ട്.

'ഭർത്താവ് നിതീഷ് മോഹനും സഹോദരി നീതുവുമാണ് ഒന്നാം പ്രതികളെന്നും രണ്ടാം പ്രതി ഭർത്താവിന്റെ അച്ഛനായ മോഹൻ ആണെന്നും ഒരിക്കലും ഈ കൊലയാളികളെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. ഭർത്താവിന്റെ സഹോദരി എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല. പറഞ്ഞറിയിക്കാൻ പറ്റാത്തതിനപ്പുറമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനി വയ്യ. എന്റെ കുഞ്ഞിന് വയ്യാഞ്ഞിട്ടു പോലും അയാളവിടെ ഇല്ല.അവരെ വെറുതെ വിടരുത്'. അവർക്ക് ഞാൻ മാനസിക രോഗിയാണെന്ന് വരുത്തിത്തീർക്കണമെന്നും വിപഞ്ചിക എഴുതിയ കത്തിൽ പറയുന്നു.

'ഇരുന്ന് ഇരുന്ന് കഷ്ടപ്പെട്ട് കെട്ടിച്ച് വിട്ട് വന്നുപെട്ടത് ഇങ്ങനെയൊരു വീട്ടിലാണ്. മൂന്ന് പേരും ഒന്നിനൊന്ന് മെച്ചമാണ്.മൂന്നുപേരും വല്ലാത്ത ടോർച്ചറിങ്ങാണ്.സഹിക്കുക തന്നെ..അല്ലാതെ എന്താണ് ചെയ്യുക. ഏഴുമാസത്തിന് ശേഷമാണ് എന്റെ കൂടെ കിടന്നത്. മദ്യപിച്ചിരുന്നുവെന്നും അബദ്ധം പറ്റിയതാണെന്നും പിറ്റേ ദിവസം പറഞ്ഞു. അത്രക്കും തരം താഴ്ന്നു പോയി'..വിപഞ്ചിക പങ്കുവെച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു.

ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ജീവനൊടുക്കിയത്.. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി.ഇത് സംബന്ധിച്ച് എംബസി, മുഖ്യമന്ത്രി, സിറ്റി പോലീസ് കമ്മീഷണർ അടക്കമുള്ളവർക്ക് വിപഞ്ചികയുടെ ബന്ധുക്കൾ പരാതി നൽകി.മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്താനും ബന്ധുക്കൾ ആലോചിക്കുന്നുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News