വിദേശത്ത് നിന്നെത്തിയ ഒരു യുവാവിനെക്കൂടി കാണാനില്ലെന്ന് പരാതി

ഖത്തറില്‍നിന്ന് ജൂലൈ 20 ന് അനസ് കരിപ്പൂരിൽ എത്തിയതായി മാതാവ്

Update: 2022-08-07 06:10 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: വിദേശത്ത് നിന്നെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. നാദാപുരം ചാലപ്രം സ്വദേശി അനസിനെ (28) കാണാനില്ലെന്നാണ് പരാതി. നാട്ടിലെത്തിയിട്ടും വീട്ടിൽ എത്തിയില്ലെന്ന മാതാവ് സുലൈഖ നാദാപുരംപൊലീസിൽ പരാതി നൽകി.

ജൂലൈ 20 ന് അനസ് കരിപ്പൂരിൽ എത്തിയതായി മാതാവ് പറയുന്നു. അനസിനെ അന്വേഷിച്ച് ചിലർ വീട്ടിലെത്തിയതായി മാതാവ് പറഞ്ഞു.

നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വർണ്ണ ഇടപാടാണോ തിരോധാനത്തിന് പിന്നിലെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ നാദാപുരം ജാതിയേരി സ്വദേശിയായ മറ്റൊരു യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ കഴിഞ്ഞ ദിവസം വളയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട് ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരനാണ് വളയം പൊലീസില്‍ പരാതി നല്‍കിയത്.

Advertising
Advertising

ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളംവഴി നാട്ടിലെത്തുമെന്ന് റിജേഷ് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, റിജേഷിന്‍റെ കയ്യില്‍ എന്തോ കൊടുത്തയച്ചെന്നും വെറുതെ വിടില്ലെന്നും പറഞ്ഞ് ഫോണ്‍ കോള്‍ വന്നതായും കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നതായും സഹോദരൻ വെളിപ്പെടുത്തി. രണ്ട് തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായാണ് സഹോദരന്‍ രാജേഷ് പറയുന്നത്. ജൂണ്‍ പത്തിനാണ് റിജേഷ് കുടുംബവുമായി അവസാനം സംസാരിച്ചത്. സ്വര്‍ണക്കടത്ത് സംഘത്തിലേക്ക് തന്നെയാണ് കേസിന്‍റെ അന്വേഷണവും നീളുന്നത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News