കെ.വി.തോമസിന് എതിരായ നടപടി ഇന്നറിയാം; കോൺഗ്രസ് അച്ചടക്ക സമിതിയോഗം ഇന്ന്

സമിതി റിപ്പോർട്ട് സോണിയാ ഗാന്ധിക്ക് കൈമാറും

Update: 2022-04-21 01:05 GMT
Editor : ലിസി. പി | By : Web Desk

ഡൽഹി: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് കെ.വി തോമസ് നൽകിയ വിശദീകരണം പരിശോധിക്കാൻ കോൺഗ്രസ് അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. ഡൽഹി എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കാനാണ് അച്ചടക്ക സമിതി തീരുമാനം.

കെ.വി തോമസിന് എതിരെ കടുത്ത നടപടി വേണമെന്ന് തന്നെയാണ് കെ.പി.സി.സി നിലപാട്. തനിക്കെതിരായ പരാതി അച്ചടക്ക സമിതി മുമ്പാകെ ഉള്ളപ്പോഴും കെ.പി.സി.സി നേതൃത്വത്തെ കെവി തോമസ് വിമർശിക്കുന്നത് തുടരുകയാണ്. ഇത് തന്നെയാണ് കെ.പി.സി.സി നേതൃത്വത്തെ പ്രകോപിപ്പിക്കുന്നതും. ഏപ്രിൽ പതിനൊന്നിന് ചേർന്ന അച്ചടക്ക സമിതി യോഗമാണ് കെ.വി തോമസിന് എതിരായ പരാതി പരിശോധിച്ചത്. യോഗത്തിന്റെ തീരുമാനപ്രകാരമാണ് കെ.വി തോമസിനോട് സമിതി വിശദീകരണം ആവശ്യപ്പെട്ടതും.

Advertising
Advertising

കെ.പി.സി.സി നേതൃത്വത്തിന് എതിരായ ആരോപണങ്ങളും സി.പി.എം സെമിനാറിൽ പങ്കെടുത്തത് ശരിയായ തീരുമാനമെന്ന നിലപാടും കെ.വി തോമസ് വിശദീകരണത്തിൽ ആവർത്തിച്ചിട്ടുണ്ട്. വി.എം സുധീരൻ അടക്കമുള്ള നേതാക്കൾ മുൻകാലങ്ങളിൽ പാർട്ടിക്കെതിരെ നടത്തിയ പ്രസ്താവനകളും എ.കെ ആന്റണി അധ്യക്ഷനായ സമിതിക്ക് നൽകിയ വിശദീകരണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.വി തോമസ് നൽകിയ വിശദീകരണം ലഭിച്ചതായി സമിതി അംഗവും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ താരീഖ് അൻവർ വ്യക്തമാക്കിയിരുന്നു. കെ.വി തോമസിന്റെ മറുപടി പരിശോധിക്കും എന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ സസ്‌പെൻഷൻ ഉൾപ്പടെയുള്ള കടുത്ത നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി.

അച്ചടക്ക സമിതി റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് കൈമാറുക. ശേഷം എന്ത് നടപടി സ്വീകരിക്കണമെന്ന് അധ്യക്ഷ തീരുമാനിക്കും. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മുൻ പഞ്ചാബ് പി.സി.സി അധ്യക്ഷൻ സുനിൽ ഝാക്കറിനും അച്ചടക്ക സമിതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും മറുപടി നൽകില്ലെന്ന നിലപാടാണ് ഝാക്കറിനുളളത്. അദ്ദേഹത്തെ ഇന്ന് ചേരുന്ന സമിതി യോഗം പാർട്ടിയിൽ നിന്നും പുറത്താക്കാൻ ഹൈക്കമാൻഡിനോട് ശുപാർശ ചെയ്‌തെക്കും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News