പീഡനക്കേസ് പ്രതിയെ സി.പി.എമ്മിൽ തിരിച്ചെടുത്തു; തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ തർക്കം

കഴിഞ്ഞ ഡിസംബറിലാണ് സി.സി. സജിമോനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്

Update: 2024-06-30 02:03 GMT

പത്തനംതിട്ട: പീഡനക്കേസ് പ്രതിയെ പാർട്ടിയിൽ തിരിച്ചെടുത്തതിനെച്ചൊല്ലി സി.പി.എം തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ തർക്കം. സി.സി. സജിമോനെ തിരിച്ചെടുത്ത സംഭവത്തിലാണ് തർക്കമുണ്ടായത്. സജിമോനെ തിരിച്ചെടുത്ത പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാൻ വിളിച്ച ലോക്കൽ കമ്മിറ്റി യോഗത്തിൽ സജിമോനും പങ്കെടുക്കാൻ എത്തിയതാണ് തർക്കത്തിൽ കലാശിച്ചത്.

ഇയാളെ യോഗത്തിൽനിന്ന് ഒഴിവാക്കി കൊണ്ടുവേണം തീരുമാനം റിപ്പോർട്ട് ചെയ്യാൻ എന്ന് ഒരു വിഭാഗം വദിച്ചു. തർക്കത്തിനൊടുവിൽ സജിമോനെ യോഗത്തിൽനിന്ന് ഇറക്കിവിട്ടു.

Advertising
Advertising

പങ്കെടുത്തതിൽ ഭൂരിഭാഗം അംഗങ്ങളും സജിമോനെ തിരിച്ചെടുക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തി. സജിമോന്റെ പുറത്താക്കൽ നടപടി കൺട്രോൾ കമ്മീഷൻ റദ്ദാക്കിയതിന് പിന്നാലെ തിരുവല്ല ഏരിയ കമ്മിറ്റി, ബ്രാഞ്ച് സെക്രട്ടറിയായും ലോക്കൽ കമ്മിറ്റി അംഗമായും സജിമോനെ തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

2023ല്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ, തോമസ് ഐസക് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെതായിരുന്നു പുറത്താക്കൽ നടപടി. വിവാഹിതയായ സ്ത്രീയെ 2017ൽ ഗർഭിണിയാക്കി, കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ നടന്ന ഡി.എൻ.എ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചു, 2021ൽ വനിതാ നേതാവിന് ലഹരി മരുന്നു നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചു എന്നീ കേസുകളിലാണ് സജിമോൻ പ്രതിയായത്.

കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. മുമ്പ് അന്വേഷണ വിധേയമായി സസ്‌പെൻഷൻ നേരിട്ടിരുന്നതിനാൽ ഒരു തെറ്റിൽ രണ്ടു നടപടി വേണ്ടെന്ന് പാർട്ടി കൺട്രോൾ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News