കോവിഡ് വാക്സിൻ ക്ഷാമം: കേന്ദ്രത്തോട് കൂടുതല്‍ ഡോസ് ആവശ്യപ്പെട്ട് കേരളം

കൂടുതല്‍ ഡോസ് വാക്സിന്‍ നൽകണമെന്ന് കേന്ദ്രത്തോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2023-01-02 01:19 GMT
Advertising

തിരുവനന്തപുരം: 60 വയസിന് മുകളിലുള്ളവർ കോവിഡിനെതിരായ കരുതല്‍ ഡോസെടുക്കണമെന്ന് നിർദേശിച്ചിരിക്കെ സംസ്ഥാനത്ത് വാക്സിൻ ക്ഷാമം. കോവിഷീൽഡും കോര്‍ബിവാക്സിനുമാണ് സ്റ്റോക്കില്ലാത്തത്. കൂടുതല്‍ ഡോസ് വാക്സിന്‍ നൽകണമെന്ന് കേന്ദ്രത്തോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡിന്‍റെ പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. 60 വയസ്സിന് മുകളില്‍ ഉള്ളവരും അനുബന്ധ രോഗമുള്ളവരും കരുതല്‍ ഡോസ് നിര്‍ബന്ധമായും എടുക്കണം. പക്ഷേ സംസ്ഥാനത്ത് മതിയായ വാക്സിന്‍ ഇല്ല. കോവിഷീല്‍ഡ്, കോര്‍ബിവാക്സിന്‍ എന്നിവ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കില്ല. നിലവില്‍ കോവാക്സിന്‍ മാത്രമാണുള്ളത്. 13000 ഡോസ് കോവാക്സിനാണ് സംസ്ഥാനത്തിന്റെ ശേഖരത്തിലുള്ളത്. പക്ഷേ ഇതിന്റെ കാലാവധി ഈ മാസം കഴിയും.

10 ശതമാനം പേര്‍ മാത്രമാണ് സംസ്ഥാനത്ത് കരുതല്‍ ഡോസ് എടുത്തത്. 2.92 കോടി പേര്‍ ഒന്നാം ഡോസും 2.53 കോടി പേര്‍ രണ്ടാം ഡോസും എടുത്തപ്പോള്‍ കരുതല്‍ ഡോസ് വാക്സിന്‍ എടുത്തത് 30.72 ലക്ഷം പേര്‍ മാത്രം. ബോധവത്കരണം നടത്തുന്നതില്‍ ആരോഗ്യ വകുപ്പും വലിയ താല്‍പര്യം കാട്ടുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിമര്‍ശനം.

ദീർഘനാൾ കാലാവധിയുള്ള വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തിന്‌ സാധിക്കാത്തതും പ്രതിസന്ധിക്ക് കാരണമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ വാക്സിന്റെ ആവശ്യം കുത്തനെ ഇടിഞ്ഞതോടെയാണ്‌ കമ്പനികൾ നിർമാണം ഗണ്യമായി കുറച്ചത്‌. പുതിയ സാഹചര്യത്തിൽ വാക്‌സിൻ ലഭിക്കുന്നതിലുണ്ടാകുന്ന കാലതാമസം സംസ്ഥാനത്തിന് വെല്ലുവിളിയാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News