സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ സിപിഎം; ചെമ്മാട് ദാറുൽ ഹുദാ യൂനിവേഴ്സിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്

Update: 2025-08-10 07:13 GMT

മലപ്പുറം: സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ പ്രതിഷേധവുമായി സിപിഎം. തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ദാറുൽ ഹുദാ യൂണിവേഴ്സിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുടിവെള്ളം മലിനമാക്കുന്നതും വയൽ മണ്ണിട്ട് നികത്തുന്നതും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീൻ നദ് വിയാണ് ദാറുൽ ഹുദാ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ. ബഹാവുദ്ദീൻ നദ് വിക്കെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം നേതാക്കൾ ഉന്നയിച്ചത്. ബഹാവുദ്ദീൻ നദ്‌ വി മുസ്ലിംലീഗിന്റെ കോളാമ്പി ആയി പ്രവർത്തിക്കുകയാണെന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗം വിമർശിച്ചത്. വിദ്യാർഥികളും ജീവനക്കാരും ഉൾപ്പടെ 2000 ത്തിലധികം പേർ ദാറുൽ ഹുദയിൽ താമസിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള മാലിന്യ സംസ്കരണ സംവിധാനം അവിടെയില്ലെന്നാണ് സിപിഎം ആരോപിക്കുന്നത്. 

Advertising
Advertising

എന്നാൽ സിപിഎം ആരോപണത്തെയും മാർച്ചിനെയും തള്ളി ചെമ്മാട് ദാറുൽ ഹുദാ അധികൃതർ രംഗത്തെത്തി. സര്‍വ്വ മേഖലകളിലും പിന്നോക്കം നില്‍ക്കുന്ന മുസ്‍ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ചെമ്മാട് ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് സിപിഎം നടത്തിയ മാര്‍ച്ച് തികച്ചും രാഷ്ട്രീയ പ്രേരിതവും കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ തീര്‍ത്തും അനുചിതവുമാണെന്ന് ദാറുല്‍ഹുദാ ഭാരവാഹികള്‍ അറിയിച്ചു.

തികച്ചും ജനകീയമായും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ദാറുൽ ഹുദാ യുടെ പ്രവർത്തനം മൂലം ഇന്നുവരെ സമീപവാസികളുടെ കുടിവെള്ളത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാറുകള്‍ സംഭവിച്ചതായി യാതൊരു പരാതിയും ഉണ്ടായിട്ടില്ല. പരാതികള്‍ ആരുടെ ഭാഗത്ത് നിന്നാണെങ്കിലും കേള്‍ക്കാനും ന്യായമായത് തിരുത്താനും ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി തയ്യാറാണ്. പരാതികള്‍ ഉണ്ടെങ്കില്‍ സ്ഥാപന അധികാരികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളിലൂടെയും സൗഹൃദ ഇടപെടലുകളിലൂടെയും പരിഹരിക്കുകയെന്ന ജനാധിപത്യ മര്യാദ പാലിക്കുന്നതിന് പകരം ഒരു മതസ്ഥാപനത്തിന്റെ പരിസരത്തേക്ക് സമര കാഹളം മുഴക്കി മാര്‍ച്ച് നടത്തുന്നത് തീര്‍ത്തും ദുരുദ്ദേശ്യപരമാണ്.

ഒരു തുള്ളി മലിനജലം പോലും പുറത്തേക്ക് ഒഴുക്കി വിടാതെ എല്ലാം വിശാലമായ കാമ്പസില്‍ തന്നെ സംസ്‌കരിച്ചു വരികയാണ്. നാട്ടുകാര്‍ക്കോ മറ്റോ കുടിവെള്ള മലിനീകരണ പ്രയാസങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇവിടെ സ്ഥിരമായി താമസിച്ചു വരുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളെയും അധ്യാപകരെയുമാണ്. പരിസരവാസികള്‍ക്ക് ഒരിക്കലും ഒരു പ്രയാസവും ആശങ്കയും ഉണ്ടാകരുതെന്ന് മനസ്സിലാക്കി രണ്ടര ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ളതും മുക്കാല്‍ കോടിയിലധികം ഉറുപ്പിക ചെലവ് വരുന്നതുമായ ആധുനിക സംവിധാനത്തോടെയുള്ള വലിയ ഒരു മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കെ, അതൊന്നും കണ്ടില്ലെന്ന് നടിച്ച് കഴിഞ്ഞ ദിവസം നടത്തിയ സമര പ്രഹസനം സ്ഥാപനവും നേതാക്കളും ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശ നയനിലപാടുകളോടുള്ള പാര്‍ട്ടിയുടെ കടുത്ത വിയോജിപ്പും അസഹിഷ്ണുതയുമാണെന്ന് ആര്‍ക്കും ബോധ്യമാകും.

ഉന്നത മതപഠനവും യൂനിവേഴ്സിറ്റി തലത്തിലുള്ള സെക്കുലര്‍ വിദ്യാഭ്യാസവും സമന്വയിപ്പിച്ച് പഠന-താമസ-ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കി 40 വര്‍ഷത്തോളമായി നിയമവിധേയവും വ്യവസ്ഥാപിതവുമായി പ്രവര്‍ത്തിക്കുകയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ആയിരക്കണക്കിന് ഹുദവി പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിക്കുകയും ചെയ്ത സ്ഥാപനമാണിത്. 1986 ല്‍ ആരംഭിച്ച ദാറുല്‍ഹുദാ അതാത് കാലത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതെന്ന് മാനേജിംഗ് കമ്മിറ്റി ഭാരവാഹികളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, യു. മുഹമ്മദ് ശാഫി ഹാജി, കെ.എം സൈതലവി ഹാജി, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, ഡോ. യു.വി.കെ മുഹമ്മദ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News