ബാബരി മസ്‌ജിദ് ധ്വംസനം: അന്നേറ്റ മുറിവില്‍ നിന്ന് ഇന്നും രക്തമൊഴുകുന്നുവെന്ന് സിപിഎം
മസ്ജിദ് തകർത്തതിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടിനിടയിൽ ഇന്ത്യൻ രാഷ്‌ട്രീയത്തോടൊപ്പം സാമൂഹികാവസ്ഥയിലും അടിസ്ഥാന മാറ്റങ്ങൾ ഉണ്ടായി.
തിരുവനന്തപുരം: വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ ചേരിതിരിവിന് വഴിമരുന്നിട്ട ചരിത്രത്തിലെ ഏറ്റവും നൃശംസമായ സംഭവമായിരുന്നു ബാബരി മസ്ജിദ് തകർക്കലെന്നും രാജ്യത്തിന്റെ മതേതരത്വത്തിന് അന്നേറ്റ മുറിവിൽ നിന്നും ഇന്നും രക്തം ഒഴുകുന്നുണ്ടെന്നും സിപിഎം. ന്യൂനപക്ഷങ്ങളെ ഉത്കണ്ഠയുടെയും ഭീതിയുടേയും നിഴലിൽ നിർത്താനാണ് ബാബരി മസ്ജിദ് തകർക്കൽ കാരണമായതെന്നും സിപിഎം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
ഇന്ത്യയുടെ മതേതര സ്വഭാവം തുടർച്ചയായി തകർക്കുന്നതിൽ അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും സിപിഎം പറയുന്നു. കേന്ദ്രസർക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലമാണ് ബാബരി മസ്ജിദിന് അന്ന് വേണ്ടരീതിയിൽ സംരക്ഷണം ലഭിക്കാതിരുന്നതും കർസേവകർക്ക് പള്ളി പൊളിക്കാനുമായത്. വേണ്ട വിധത്തിൽ കേസന്വേഷിച്ച്, ബാബരി മസ്ജിദ് തകർത്ത മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെയുള്ള അക്രമിസംഘത്തിന് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലും കേന്ദ്ര സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.
മസ്ജിദ് തകർത്തതിന് ശേഷമുള്ള മൂന്ന് പതിറ്റാണ്ടിനിടയിൽ ഇന്ത്യൻ രാഷ്‌ട്രീയത്തോടൊപ്പം സാമൂഹികാവസ്ഥയിലും അടിസ്ഥാന മാറ്റങ്ങൾ ഉണ്ടായി. മാധ്യമം, സിനിമ, വ്യവസായം, വാണിജ്യം, സൈന്യം, ക്രമസമാധാനം, ജുഡീഷ്യറി, വിദേശനയം തുടങ്ങി കായിക മേഖലയെ വരെ സംഘ്പരിവാർ രാഷ്ട്രീയം വിഴുങ്ങി. ശ്രീകൃഷ്ണ ജയന്തി, രാമനവമി, വിനായക ചതുർഥി ആഘോഷ ദിനങ്ങളിലെല്ലാം രാജ്യത്ത് ആസൂത്രിത കലാപങ്ങൾ നടന്നു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണം, കശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കൽ എന്നീ ലക്ഷ്യങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. മഥുരയിലും കാശിയിലും പള്ളികൾ തകർത്ത് ക്ഷേത്രങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഏകീകൃത സിവിൽ നിയമം നടപ്പാക്കാനുള്ള നടപടികളും ദ്രുതഗതിയിൽ നീങ്ങുന്നു. മതവിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ അപകടങ്ങൾ മനസിലാക്കുന്നതിൽ ബാബരി മസ്ജിദിന്റെ ചരിത്രത്തിനേക്കാൾ നല്ലൊരു ഉദാഹരണം വേറെയില്ല.
കൂടുതൽ മതപരമായ ചേരിതിരിവുകൾ സൃഷ്ടിക്കാനും മനുഷ്യർക്കിടയിൽ വെറുപ്പ് പടർത്തി പരസ്പരം ശത്രുക്കളാക്കാനും അങ്ങനെ അധികാരം നിലനിർത്താനുമുള്ള സംഘ്പരിവാർ ശ്രമം വിജയം കണ്ട കാലമാണിത്. തീവ്രവർഗീയതയിലധിഷ്ഠിതമായ ഒരു ഹിന്ദുത്വ രാഷ്ട്രം നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘ്പരിവാർ. ചരിത്രത്തിൽനിന്ന് പാഠം ഉൾക്കൊള്ളാനോ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച മനുഷ്യരെയാകെ ഒരുമിച്ചുചേർത്ത് മുന്നോട്ടുപോകാനോ കോൺഗ്രസിന് താത്പര്യവുമില്ല. ബിജെപിയുടെ ബി- ടീമായി ഹിന്ദുത്വ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന തിരക്കിലാണ് കോൺഗ്രസെന്നും സിപിഎം ആരോപിച്ചു.