Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
പാലക്കാട്: പാലക്കാട് കോട്ടായിയില്‍ കോണ്‍ഗ്രസിന്റെ ഓഫീസ് പിടിച്ചെടുക്കാന്‍ സിപിഎം ശ്രമിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. കേരളത്തില്‍ എല്ലാ ഇടങ്ങളിലും സിപിഎമ്മിന് ഓഫീസുണ്ട്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസും സിപിഎമ്മിന് പിടിച്ചെടുക്കേണ്ട ആവശ്യമില്ല. കരാര്‍ പ്രകാരം കോണ്‍ഗ്രസിനാണ് അവകാശപ്പെട്ടതെങ്കില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ വിട്ട് കൊടുക്കുമെന്നും ജില്ലാ സെക്രട്ടറിപറഞ്ഞു. നിലവില്‍ ആര്‍ടിഒയുടെ മുന്നിലാണ് വിവാദം എത്തിനില്‍ക്കുന്നത്.
വിഷയത്തില്‍ ആര്‍ടിഒയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പാര്‍ട്ടിക്ക് വേണ്ടി ഓഫീസ് പ്രവര്‍ത്തിപ്പിക്കുമെന്ന നിലപാടിലായിരുന്നു ആദ്യഘട്ടത്തില്‍ സിപിഎം. എന്നാല്‍ ഇപ്പോള്‍ സിപിഎം നിലപാട് മാറ്റിയിരിക്കുകയാണ്. ഈ പാര്‍ട്ടി ഓഫീസ് തങ്ങള്‍ക്ക് വേണ്ട എന്നാണ് സിപിഎം പറയുന്നത്. കരാര്‍ മോഹന്‍കുമാറിന്റെ പേരിലാണെങ്കിലും ഇത് കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് സിപിഎം ജില്ലാ നേതൃത്വം പറയുന്നത്. പാര്‍ട്ടി ഓഫീസ് വിവാദത്തില്‍ നിന്നും സിപിഎം പിന്മാറുകയാണെന്നാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്.