'എസ്എൻഡിപിക്കെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലത്'- കെ.സുരേന്ദ്രൻ

ഈഴവർ എല്ലാകാലത്തും തങ്ങളെ പിന്തുണക്കുമെന്ന് സിപിഎമ്മിന്റെ മിഥ്യാധാരണ ലോക്‌സഭാ തെരഞ്ഞടുപ്പോടെ അവസാനിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Update: 2024-07-17 12:07 GMT
Editor : banuisahak | By : Web Desk

തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിനെതിരായ ഭീഷണി സിപിഎം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിക്ക് വോട്ട് ചെയ്‌തതിന്റെ പേരിൽ ആരെയും വേട്ടയാടാൻ സിപിഎമ്മിനെ അനുവദിക്കില്ല. നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തത്. അതിന് ഭൂരിപക്ഷ വിഭാഗങ്ങളുടെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല.

ന്യൂനപക്ഷ പ്രീണനം തുടരുമെന്നാണ് സിപിഎം നൽകുന്ന സന്ദേശം. ഇതോടെ അടിസ്ഥാന ജനവിഭാഗങ്ങളും പാരമ്പര്യമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്നവരും കൂടി സിപിഎമ്മിനെ കൈവെടിയും. അതിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ ആക്ഷേപിച്ചിട്ട് കാര്യമില്ല. വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിക്കുകയാണ് സിപിഎം ചെയ്യുന്നത്. ഇത് അനുവദിച്ചു കൊടുക്കാൻ ബിജെപിക്ക് സാധിക്കില്ല.

Advertising
Advertising

ഈഴവർ എല്ലാകാലത്തും തങ്ങളെ പിന്തുണക്കുമെന്ന് സിപിഎമ്മിന്റെ മിഥ്യാധാരണ ലോക്സഭ തെരഞ്ഞടുപ്പോടെ അവസാനിച്ചിരിക്കുകയാണ്. എസ്.സി- എസ്.ടി വിഭാഗങ്ങളും സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. എന്നാൽ, മുസ്‌ലിം വിഭാഗങ്ങളുടെ വോട്ട് ഇത്തവണ കിട്ടാതിരുന്നിട്ടും സിപിഎം അവരെ വിമർശിക്കുന്നില്ല.  സമസ്‌തയുടെ നേതാക്കൾ ഉൾപ്പെടെ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ശക്തമായ വിമർശനം നടത്തിയിട്ടും എം.വി ഗോവിന്ദൻ കമ എന്നൊരക്ഷരം ഉരിയാടിയിട്ടില്ല.

ന്യൂനപക്ഷങ്ങളെ പോലും രണ്ടായി കാണുന്നതാണ് സിപിഎമ്മിന്റെ ശൈലി. മുസ്ലിം വിഭാഗത്തെ പ്രീണിപ്പിക്കുമ്പോൾ ക്രൈസ്‌തവരെ അവഗണിക്കുന്നതാണ് സിപിഎമ്മിന്റെയും പിണറായി സർക്കാറിന്റെയും നിലപാട്. ന്യൂനപക്ഷ ആനുകൂല്ല്യങ്ങളുടെ കാര്യത്തിൽ 80:20 അനുപാതം തുടരാൻ നിയമനടപടി സ്വീകരിച്ചത് ഈ പക്ഷപാതത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. തങ്ങൾക്ക് വോട്ട് ചെയ്യാത്തവരെ വെല്ലുവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാസിസ്റ്റ് സമീപനമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News