തുടർവിവാദങ്ങൾ തലവേദനയാകുന്നു; എസ്എഫ്‌ഐക്ക് പഠനക്ലാസ് നൽകാൻ സിപിഎം
എസ്എഫ്‌ഐയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ പ്രധാന കാരണം രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കളുടെ വഴിവിട്ട പോക്കിന് തടയിടാന്‍ സിപിഎം തീരുമാനം. വിവിധ ഘടകങ്ങളിലെ എസ്എഫ്‌ഐ നേതാക്കള്‍ക്ക് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. കോവിഡ് കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം മുടങ്ങിയത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തിരിച്ചടിയായതുകൊണ്ട് പാര്‍ട്ടി നേരിട്ട് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാനാണ് തീരുമാനം. നിലവിലുളള നേതൃത്വത്തിലെ മാറ്റവും പരിഗണനയിലുണ്ട്.
സര്‍ക്കാരിനെതിരെ പ്രതിപക്ഷമുയര്‍ത്തുന്ന രാഷ്ട്രീയാരോപണങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു കഴിഞ്ഞ കാലങ്ങളിലെല്ലാം സിപിഎം ചെയ്തിരുന്നത്. എന്നാലിപ്പോള്‍ സാഹചര്യത്തില്‍ ആകെ മാറ്റമുണ്ടായി. ഇതുവരെയില്ലാത്തതരത്തില്‍ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതിരോധിച്ച ശേഷമേ സര്‍ക്കാരിനു പ്രതിരോധിക്കാന്‍ കഴിയൂ എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടു. ഇതില്‍ സിപിഎം നേതൃത്വത്തിനു കടുത്ത അതൃപ്തിയാണുളളത്. ഈ പശ്ചാതലത്തില്‍ കര്‍ശനമായ പാര്‍ട്ടി ഇടപെടല്‍ എസ്എഫ്‌ഐയില്‍ നടത്താനാണ് സിപിഎം തീരുമാനം.
എസ്എഫ്‌ഐയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ പ്രധാന കാരണം രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കോവിഡ് കാലത്ത് മൂന്നു വര്‍ഷം വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനം മുടങ്ങിയത് വലിയ പ്രശ്‌നങ്ങളുണ്ടാക്കി. എസ്എഫ്‌ഐയിലെ പ്രായപരിധി 25ആക്കി കര്‍ശനമായി നടപ്പിലാക്കിയതോടെ വിവിധ ഘടകങ്ങളില്‍ നിന്നു രാഷ്ട്രീയ പരിചയമില്ലാത്തവര്‍ എത്തിപ്പെട്ടു. ഇത് പരിഹരിക്കുകയാണ് സിപിഎമ്മിന്റെ ആദ്യ ലക്ഷ്യം. ഇതിനായി എസ്എഫ്‌ഐക്ക് പഠന ക്ലാസ് സിപിഎം നേരിട്ട് നല്‍കും. അടുത്ത മാസം ഇഎംഎസ് അക്കാദമിയില്‍ സിപിഎം പഠന ക്ലാസ് സംഘടിപ്പിക്കും. മാത്രമല്ല നിലവിലെ നേതൃത്വത്തില്‍ മാറ്റം വരുത്തി രാഷ്ട്രീയ ബോധ്യമുളളവരെ കൊണ്ടുവരാനും ആലോചനയുണ്ട്.