കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും

പരാതിക്കാരിയായ മേയർ ആര്യാ രാജേന്ദ്രൻ,സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,ഡി.ആർ അനിൽ എന്നിവരുടെ വിശദമൊഴി ക്രൈം ബ്രാഞ്ച് സംഘം വൈകാതെ രേഖപ്പെടുത്തും.

Update: 2022-11-23 01:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും. പരാതിക്കാരിയായ മേയർ ആര്യാ രാജേന്ദ്രൻ,സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,ഡി.ആർ അനിൽ എന്നിവരുടെ വിശദമൊഴി ക്രൈം ബ്രാഞ്ച് സംഘം വൈകാതെ രേഖപ്പെടുത്തും.

കത്ത് തയ്യാറാക്കിയ കമ്പ്യൂട്ടർ, സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി പരിശോധനക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. മേയറുടെ രാജിയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പേരിലെ കത്ത് പുറത്തുവന്ന് പതിനെട്ടാം നാളിലാണ് കേസെടുക്കാന്‍ കേരള പൊലീസ് തീരുമാനിക്കുന്നത്. കത്ത് വ്യാജമാണെന്ന മേയറുടെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കലിന് കേസെടുക്കാനാണ് നീക്കം. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസ്.പിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പി അനില്‍കാന്താണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കത്തിന്‍റെ യഥാര്‍ഥ പകര്‍പ്പ് കണ്ടെത്താത്തിടത്തോളം അന്വേഷണം ഒരിഞ്ച് മുന്നോട്ടു പോകില്ല. നിലവില്‍ കത്തിന്‍റെ സ്ക്രീന്‍ഷോട്ട് മാത്രമാണ് പുറത്തു വന്നത്.

സ്ക്രീന്‍ഷോട്ടിന്‍റെ അടിസ്ഥാനത്തില്‍ കത്ത് വ്യാജമാണോ, അല്ലയോ എന്ന് കണ്ടെത്താനാകില്ല. മാത്രമല്ല കത്ത് തയ്യാറാക്കിയ കേന്ദ്രങ്ങള്‍ തെളിവുകള്‍ നശിപ്പിച്ചതായാണ് വിവരം. അതേസമയം പൊലീസ് അന്വേഷണ ശൈലിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. പാര്‍ട്ടി തന്നെ അന്വേഷണ ഏജന്‍സിയാകുന്ന പരിതാപകരമായ അവസ്ഥയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News