ഷോൺ ജോർജിന്റെ വീട്ടിലെ റെയ്ഡ് പൂർത്തിയായി; മൊബൈലുകളും മെമ്മറി കാർഡുകളും ടാബും പിടിച്ചെടുത്തു

ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ പേരിലായിരുന്നു നടപടി.

Update: 2022-08-25 09:15 GMT

കോട്ടയം: പി.സി ജോർജിന്‍റെ മകൻ ഷോൺ ജോർജിന്‍റെ വീട്ടിൽ നടന്ന ക്രൈംബ്രാഞ്ച് റെയ്ഡ് പൂർത്തിയായി. ഷോൺ ജോർജിന്റെ മൊബൈൽ ഫോണിനായി നടത്തിയ റെയ്ഡാണ് പൂർത്തിയായത്. മൂന്നു മൊബൈൽ ഫോണുകളും അഞ്ച് മെമ്മറി കാർഡുകളും രണ്ട് ടാബും കസ്റ്റഡിയിൽ എടുത്തു.

പി.സി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ വ്യാജ തെളിവുണ്ടാക്കിയെന്ന ആരോപണത്തിലായിരുന്നു പരിശോധന. ദിലീപുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ പേരിലായിരുന്നു നടപടി.

നടിയെ ആക്രമിച്ച കേസിൽ ​ദിലീപിനെതിരെ ഗൂഡാലോചന നടന്നെന്ന് വരുത്തിത്തീർക്കാൻ ഉണ്ടാക്കിയതായിരുന്നു വ്യാജ വാട്ട്സ്ആപ്പ് ചാറ്റ്. ഇതേ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. 

Advertising
Advertising

ഷോണ്‍ ജോര്‍ജിന്‍റെ ഫോണില്‍ നിന്നും വധഗൂഢാലോചന കേസിലെ രണ്ടാം പ്രതി അനൂപിന്‍റെ ഫോണിലേക്ക് വന്നതാണ് സ്‌ക്രീന്‍ ഷോട്ടുകള്‍. കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനായിരുന്നു റെയ്ഡ്.

അതേസമയം, ദിലീപിന് ദോഷകരമായി വന്ന ചാറ്റുകൾ അയച്ചു നൽകിയിരുന്നെന്നും എന്നാൽ ആ സ്ക്രീൻഷോട്ടുകൾ നിർമിച്ചത് താൻ അല്ലെന്നും ഷോൺ ജോർജ് പറഞ്ഞു.

രാവിലെ ഏഴര മുതൽ കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്പിളി കുട്ടന്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പിന്‍റെ സ്‌ക്രീന്‍ ഷോട്ടുകള്‍. പ്രമോദ് രാമന്‍, ടി.ബി മിനി, സന്ധ്യ ഐ.പി.എസ്, ലിബര്‍ട്ടി ബഷീര്‍, മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടാരക്കര, നികേഷ് കുമാർ തുടങ്ങിയവരുടെ പേരിലാണ് വ്യാജ വാട്ട്സ്ആപ്പ് ചാറ്റുകള്‍ നിര്‍മിച്ചത്. 'ദിലീപിനെ പൂട്ടണം' എന്ന പേരിലായിരുന്നു ഗ്രൂപ്പ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News