ദയാധനം വാങ്ങി നിമിഷപ്രിയക്ക് മാപ്പ് കൊടുക്കുമോ? ; കാന്തപുരം ഇടപെടലില്‍ നിര്‍ണായക യോഗം, പ്രതീക്ഷയോടെ നാടും കുടുംബവും
കൊല്ലപ്പെട്ട യമനി യുവാവിന്റെ കുടുംബവുമായി സംസാരിക്കാനുള്ള അവസരമാണ് ഈ യോഗത്തിലൂടെ ലഭിച്ചിരിക്കുന്നത്
കോഴിക്കോട്: നിമിഷ പ്രിയ കേസിൽ സുപ്രധാനമായ യോഗം യമനിൽ പുരോഗമിക്കുകയാണ്. കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുമോ എന്ന കാര്യത്തില്‍ യോഗം ചേരുന്നത്. പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. യമൻ ഭരണകൂട പ്രതിനിധി,സുപ്രിംകോടതി ജഡ്ജ്, കൊല്ലപ്പെട്ട യമനി തലാലിന്റെ സഹോദരൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ജൂലൈ 16 നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട യമനി യുവാവിന്റെ കുടുംബവുമായി സംസാരിക്കാനുള്ള അവസരമാണ് ഈ യോഗത്തിലൂടെ ലഭിച്ചിരിക്കുന്നത്. ദയാധനം വാങ്ങി നിമിഷപ്രിയക്ക് മാപ്പ് കൊടുക്കാമെന്ന് യുവാവിന്‍റെ കുടുംബം തയ്യാറാകുമോ എന്നാണ് യോഗത്തില്‍ ഉറ്റുനോക്കുന്നത്. അങ്ങനെ തയ്യാറായാല്‍ അക്കാര്യം കോടതിയെ അറിയിക്കുകയും തുടർന്ന് വധശിക്ഷ നിർത്തിവെക്കുക എന്ന ആദ്യ പടിയിലേക്ക് കടക്കാനാകുകയും ചെയ്യും. സമയമെടുത്താണെങ്കിലും കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ദിയാധനം നൽകാനുള്ള നടപടികളിലേക്കെല്ലാം പിന്നീട് കടക്കാനാകുകയും ചെയ്യും. ഇതെല്ലാം നടന്നാല്‍ നിമിഷ പ്രിയയുടെ മോചനത്തിനും വഴി തെളിയും. സുപ്രധാന യോഗത്തെക്കുറിച്ച് നിമിഷപ്രിയ ആക്ഷന്‍ കൗൺസിലിനും വിവരം ലഭിച്ചിട്ടുണ്ട്.
അതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിനായി സഹായം നൽകാൻ തയാറാണെന്ന് സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും വ്യക്തമാക്കി. റഹീമിന്റെ മോചനത്തിനായി ശേഖരിച്ച തുകയിൽ ബാക്കി വന്നത് നിമിഷ പ്രിയക്ക് വേണ്ടി കൈമാറും. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകിയാൽ ഏതു നിമിഷവും പണം നൽകുമെന്നും ട്രസ്റ്റ് കൺവീനർ കെ.കെ ആലിക്കുട്ടി പറഞ്ഞു.
അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കൂടുതലൊന്നും ചെയ്യാൻ ആകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കേസിൽ പരിമിതികൾ ഉണ്ടെന്നും മോചനത്തിനായി പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.