തൃശൂരിൽ കോൺഗ്രസ് ബ്ലോക്ക് - മണ്ഡലം ഭാരവാഹികളിൽ ഭൂരിഭാഗവും പ്രവർത്തനങ്ങൾക്കില്ല; ശുദ്ധീകരണത്തിന് തുടക്കമിട്ട് ഡിസിസി നേതൃത്വം
വ്യാജ ഭാരവാഹിപ്പട്ടികയുമായി പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം
തൃശൂർ: വിഭാഗീയതയും സ്വജനപക്ഷപാതവും മൂലം തമ്മലിടിച്ച് തകർന്ന തൃശൂർ ജില്ലയിലെ ബ്ലോക്ക്-മണ്ഡലം കോൺഗ്രസ് നേതൃത്വങ്ങളിൽ ശുദ്ധീകരണത്തിന് തുടക്കമിട്ട് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ബ്ലോക്ക്, മണ്ഡലം ഭാരവാഹികളിൽ ഭൂരിഭാഗവും പ്രവർത്തനരംഗത്തുള്ളവരല്ലെന്ന പരാതി സജീവമായിരിക്കെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി തിരുത്തൽ വരുത്താനാണ് ഡിസിസി നേതൃത്വത്തിൻ്റെ ശ്രമം. ഗ്രൂപ്പ് നേതാക്കളുടെ താത്പര്യം മാത്രം നോക്കി ഭാരവാഹിപ്പട്ടകയിൽ വർഷങ്ങളായി തുടരുകയും പ്രവർത്തനങ്ങളൊന്നും നടത്താതിരിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുകയാണ് ആദ്യ പടി.
ജില്ലയിലെ നിയമസഭാ മണ്ഡലം നേതൃയോഗങ്ങൾ വിളിച്ച് സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം ഭാരവാഹികളുടെ സാന്നിധ്യവും പരിശോധിക്കുകയാണ്. ഇതിനകം നടന്ന നാല് നിയോജക മണ്ഡലം നേതൃയോഗങ്ങളിൽ ക്ഷണിക്കപ്പെട്ട നേതാക്കളുടെ പകുതി മാത്രമാണ് ഹജരായത്. ബ്ലോക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പോഷക സംഘടനാ ഭാരവാഹികൾ, ബാങ്ക് പ്രസിഡണ്ടുമാർ, ബാങ്ക് ഡയറക്ടർമാർ തുടങ്ങിയവർക്കാണ് നേതൃയോഗത്തിലേക്ക് ക്ഷണം. ഏറിയാട്, കൈപ്പമംഗലം ബ്ലോക്ക് കമ്മിറ്റികൾ ചേർന്നുള്ള കൈപ്പമംഗലം നിയോജകമണ്ഡലം നേതൃയോഗത്തിൽ നൂറിൽ താഴെ നേതാക്കളാണ് പങ്കെടുത്തത്. 140 പേരെങ്കിലും പങ്കെടുക്കേണ്ടതായിരുന്നു ഈ യോഗം.
ഏറിയാട് ബ്ലോക്ക് ഭാരവാഹികളിൽ വിട്ടു നിന്ന 15 പേർക്ക് നോട്ടീസ് നൽകാൻ യോഗത്തിൽ ഡിസിസി പ്രസിഡന്റ് നിർദേശം നൽകി. കൈപ്പമംഗലം ബ്ലോക്കിലെ 13 ഭാരവാഹികൾക്കും നോട്ടീസ് നൽകി. വിഭാഗീയ പ്രശ്നങ്ങൾ കൈപ്പമംഗലത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എസ്.എൻ പുരം മണ്ഡലം പ്രസിഡന്റ് പ്രഫ. സിറാജ് യോഗത്തിൽ നിന്ന് നേരത്തെ ഇറങ്ങിപ്പോയി. രമേശ് ചെന്നിത്തല ഗ്രൂപ്പിൻറെ അതൃപ്തിയുടെ ഭാഗമാണിത്. ഡിസിസി നിലപാട് കടുപ്പിക്കുകയും പേരിന് മാത്രം പദവി നിലനിർത്താനാകില്ലെന്ന സ്ഥിതി വരികയും ചെയ്തതോടെ എടത്തിരുത്തി മണ്ഡലം പ്രസിഡന്റ് ഇർഷാദ് രാജിവെച്ചു. തൊട്ടടുത്ത ദിവസം തന്നെ പുതിയ പ്രസിഡന്റിനെ ഡിസിസി പ്രസിഡന്റ് പ്രഖ്യാപിച്ചു. ഡിസിസി വടിയെടുത്തത് കൊണ്ട് പ്രവർത്തിക്കാത്തവർ പദവി വിട്ടു പോകുന്നതാണ് നല്ലതെന്ന സന്ദേശവുമായി കൈപ്പമംഗലം ബ്ലോക്ക് പ്രസിഡന്റ് സുനിൽ പുതിയേടത്ത് തന്നെ ഫേസ്ബുക്ക് പോസ്റ്റിട്ടു.
കടവല്ലൂർ, കുന്നംകുളം ബ്ലോക്കുകൾ ഉൾപ്പെട്ട കുന്നംകുളം നിയോജകമണ്ഡലം നേതൃയോഗത്തിൽ 75 ൽ താഴെ പേർ മാത്രമാണ് പങ്കെടുത്തത്. ആറു മാസം മുമ്പ് മാത്രം പുനഃസംഘടിപ്പിച്ച രണ്ട് ബ്ലോക്ക് കമ്മിറ്റികളുടെയും ഭാരവാഹികളായി മാത്രം 110 പേരുണ്ട്. ജനപ്രതിനിധികളും ബാങ്ക് ഡയറക്ടർമാരും അടക്കം കുറഞ്ഞത് 150 പേരെങ്കിലും പങ്കെടുക്കേണ്ട യോഗത്തിലാണ് പകുതി പേർ മാത്രം പങ്കെടുത്തത്. കേവലം ഏഴ് ജനപ്രതിനിധികളേ യോഗത്തിന് എത്തിയുള്ളൂ. യുഡിഎഫ് ജില്ലാ ചെയർമാനായിരുന്ന ജോസഫ് ചാലിശ്ശേരിയുടെ മണ്ഡലം കൂടിയാണ് കുന്നംകുളം. പാർട്ടി പ്രവർത്തനം ദയനീയ സ്ഥിതിയിലുള്ള ജില്ലയിലെ ഏറ്റവും ദുർബലമായ ബ്ലോക്ക് കമ്മിറ്റിയാണ് കുന്നംകുളുത്തേത്. വലിയ ചേരിതിരിവാണ് നിലവിൽ കുന്നംകുളത്തുള്ളത്. ജോസഫ് ചാലിശ്ശേരി പ്രസിഡന്റായ കാർഷിക വികസന ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് പ്രവർത്തകരും നേതാക്കളും ചേരിതിരിഞ്ഞ് നിൽപ്പാണ്. നിയമനത്തിൽ ക്രമക്കേട് നടന്നാൽ പരസ്യപ്പോര് നടത്താൻ ഒരുങ്ങി നിൽക്കുകയാണ് ഒരു വിഭാഗം. നേതൃയോഗത്തിൽ പങ്കെടുക്കാത്തവരോട് കർശന നിലപാട് സ്വീകരിക്കാനാണ് ഡിസിസി പ്രസിഡന്റിന്റെ തീരുമാനം.
പങ്കെടുക്കാത്ത മുഴുവൻ ഭാരവാഹികൾക്കും നോട്ടീസ് നൽകാനും അതിന്റെ മറുപടി ഡിസിസിയെ അറിയിക്കാനും ജോസഫ് ടാജറ്റ് യോഗത്തിൽ നിർദേശം നൽകി. കൊടുങ്ങല്ലൂരിലും ചാലക്കുടിയിലും നടന്ന യോഗത്തിലും നിരവധി ഭാരവാഹികൾ പങ്കെടുത്തില്ല. മാള, കൊടുങ്ങല്ലൂർ, ചാലക്കുടി, പരിയാരം ബ്ലോക് പ്രസിഡന്റുമാരും പങ്കെടുക്കാത്ത ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രവർത്തിക്കാൻ താത്പര്യമോ സമയമോ ഇല്ലാത്തവരെ ഒരു ഭാരവാഹിപ്പട്ടികയിലും ആവശ്യമില്ലെന്ന നിലപാടാണ് ഡിസിസി പ്രസിഡന്റിന്.
വ്യാജഭാരവാഹിപ്പട്ടിക വെച്ച് പാർട്ടി പ്രവർത്തനം സാധ്യമല്ലെന്ന നിലപാട് കർശനമാക്കിയിട്ടുണ്ട്. പ്രവർത്തിക്കാത്തവരെയും താത്പര്യമില്ലാത്തവരെയും ഭാരവാഹി പട്ടികയിൽ നിന്ന് മാറ്റി പുതിയവരെ ഉൾപ്പെടുത്താൻ ഗ്രൂപ്പ് നേതാക്കൾ തയ്യാറല്ല. പ്രവർത്തനത്തിനിറങ്ങുന്ന ഭാരവാഹികളുള്ള ബ്ലോക്ക് - മണ്ഡലം ഘടകങ്ങൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് സജ്ജമാക്കാനാണ് ഡിസിസി പ്രസിഡന്റിന്റെ നീക്കം.
സംഘടനാ പ്രശ്ന പരിഹാരത്തിന് മുൻഗണന
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബ്ലോക്ക്, മണ്ഡലം തലങ്ങളിലെ സംഘടനാ പ്രശ്നങ്ങളുടെ പരിഹാരത്തിന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പ്രധാന പരിഗണന നൽകുന്നുണ്ട്. വർഷങ്ങളായി തുടരുന്ന ഇത്തരം തർക്കങ്ങളിൽ ഡിസിസി നേതൃത്വം നേരിട്ട് ഇടപെടാൻ തുടങ്ങിയതോടെ ചിലയിടത്തെങ്കിലും മഞ്ഞുരുകുന്ന സ്ഥിതി കണ്ടു തുടങ്ങിയിട്ടുണ്ട്. ഹൈക്കമാൻഡ് വിളിച്ച ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിൽ അഭിപ്രായങ്ങൾ തുറന്നു പറയാൻ ജോസഫ് ടാജറ്റ് ധൈര്യം കാട്ടിയിരുന്നു. ഗ്രൂപ്പ് നേതാക്കളുടെ സ്വാധീനവും ഇടപെടലും കാരണം ഡിസിസി പ്രസിഡന്റുമാർക്ക് തീരുമാനങ്ങളെടുക്കാനും അത് നടപ്പിലാക്കാനും കഴിയുന്നില്ലെന്നുമായിരുന്നു രാഹുൽഗാന്ധിയുടെ മുന്നിൽ ടാജറ്റിന്റെ പരാതി. ഡിസിസി പ്രസിന്റുമാർക്ക് കൂടുതൽ അധികാരം നൽകാനുള്ള ഹൈക്കമാൻഡിന്റെ തീരുമാനം പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ജോസഫ് ടാജറ്റ്.