'ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ചുവീണ യു.പിയിലാണ് പശുവിന് ആശുപത്രി നിർമ്മിച്ചത്'; യോഗിക്കെതിരെ ഡി.വൈ.എഫ്.ഐ

അഭിമാനമാണ് കേരളം എന്ന മുദ്രാവാക്യത്തോടെയായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധം

Update: 2022-02-10 16:21 GMT

ബി.ജെ.പിയുടെ കേരള വിരുദ്ധ പ്രചാരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. അഭിമാനമാണ് കേരളം എന്ന മുദ്രാവാക്യത്തോടെയായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധം. യു.പി പോളിംഗ് ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വോട്ടർമാരോടുള്ള പ്രസ്താവന ഒരേ സമയം വലിയ തമാശയും അതേ സമയം തന്നെ കേരളത്തോടുള്ള വെറുപ്പും വെളിവാക്കുന്നതാണെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു.

സൂക്ഷിച്ചു വോട്ട് ചെയ്തില്ലെങ്കിൽ യു.പി കേരളമാകുമെന്നാണ് യോഗിയുടെ കണ്ടെത്തല്‍. യോഗിയുടെ പാർട്ടി ഭരിക്കുന്ന കേന്ദ്ര ഗവണ്മെന്റ് തന്നെ കഴിഞ്ഞ ആറു വർഷങ്ങളിലും പുറത്തു വിട്ട കണക്കുകളിൽ എല്ലാ മേഖലയിലും ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി. മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ഉയർന്ന ജീവിത നിലവാരം, മാനവിക വികസന സൂചികകൾ എന്നിങ്ങനെ വിവിധ സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഈ സൂചികകളിൽ ഏറ്റവും ഒടുവിലെ സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് യു.പിയെന്നും ഡി.വൈ.െഫ്.ഐ പറഞ്ഞു. ഏറ്റവുമൊടുവിൽ നീതി ആയോഗ് പുറത്തു വിട്ട കേവല ദാരിദ്ര്യ സൂചികയിൽ ഏറ്റവും ഉയർന്ന നിലവാരത്തിൽ കേരളം നിൽക്കുമ്പോൾ യോഗിയുടെ യു. പിയാണ് രാജ്യത്ത് ഏറ്റവുമധികം അതി ദരിദ്രരുള്ള സംസ്ഥാനം.

Advertising
Advertising

ഓക്സിജൻ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചു വീണ യോഗിയുടെ നാട്ടിലാണ് പശുവിന് ആശുപത്രിയും ചാണക കേക്കുകളുടെ ഫാക്ടറിയും നിർമ്മിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർ തെരുവിൽ കൊല്ലപ്പെടുന്ന ഈ യു.പി മാതൃക കേരളം അനുകരിക്കാതെ മനുഷ്യർ ഒത്തൊരുമയോടെ ഒന്നിച്ചു ജീവിച്ചു ബി.ജെ.പിയുടെ വിധ്വംസക രാഷ്ട്രീയത്തെ തള്ളി കളയുന്നതിന്‍റെ നീരസമാണ് ബി.ജെ.പി പ്രകടിപ്പിക്കുന്നത്. യു.പിയെ കേരളം പോലെയാക്കുക എന്നത് തന്നെയാണ് ആ നാട്ടിലെ ജനങ്ങളും ആഗ്രഹിക്കുന്നത്.

ബി.ജെ.പിയുടെ കേരള വിരുദ്ധ പ്രചാരണം അവസാനിപ്പിക്കണമെന്നും സർവ്വ വികസന സൂചികകളിലും മുന്നിൽ നിൽക്കുന്ന വികസിത സംസ്ഥാനമായ കേരളം രാജ്യത്തിന് തന്നെ അഭിമാനമാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News