ടൗൺഷിപ്പിലെ വീടു നിർമാണം ഡിസംബറിൽ പൂർത്തീകരിക്കാൻ ശ്രമിക്കും; വയനാട് ജില്ലാ കളക്ടർ ഡോ.മേഘശ്രീ
പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്തവരുടെ വിവരം സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും മീഡിയവൺ ലൈവത്തോണിൽ പ്രതികരിക്കവെ കളക്ടർ വ്യക്തമാക്കി
വയനാട്: വയനാട് മുണ്ടക്കൈ പുനരധിവാസത്തിനായുള്ള സർക്കാരിന്റെ ടൗൺഷിപ്പിലെ വീടുനിർമാണം ഡിസംബറിൽ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് വയനാട് ജില്ലാകളക്ടർ ഡോ. മേഘശ്രീ മീഡിയവണിനോട് പറഞ്ഞു. പുനരധിവാസ പട്ടികയിൽ ഉൾപ്പെടാത്തവരുടെ വിവരം സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്നും മീഡിയവൺ ലൈവത്തോണിൽ പ്രതികരിക്കവെ കളക്ടർ വ്യക്തമാക്കി.
410 വീടുകളാണ് സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും സമയബന്ധിതമായി അത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കളക്ടർ പറഞ്ഞു. ഇതുവരെയുള്ള പ്രവർത്തനങ്ങളിലൊന്നും കാലതാമസമുണ്ടായിട്ടില്ല. സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന നിയമനടപടികളുണ്ട്. എന്നിട്ടും വളരെ വേഗത്തിലാണ് നീങ്ങുന്നതെന്നും കളക്ടർ പ്രതികരിച്ചു.
കച്ചവടക്കാർക്ക് നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച റിപ്പോർട്ടും സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. രോഗികൾക്ക് ചികിത്സാ ചിലവ് നൽകുന്നതിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട് കാത്തിരിക്കുകയാണെന്നും ഡോ. മേഘശ്രീ മീഡിയവണിനോട് പറഞ്ഞു.