കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു
കോഴിക്കോട്: തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. പിതാവിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇവരുടെ മൂത്ത കുഞ്ഞും സമാനമായ രീതിയിൽ മരിച്ചിരുന്നു.
കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ തിങ്കളാഴ്ച രാത്രിയാണ് കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കും മുമ്പ് കുഞ്ഞ് മരിച്ചിരുന്നു.തുടർന്നാണ് കുട്ടിയുടെ പിതാവ് മരണത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്. ഇവരുടെ മൂത്തകുട്ടി 14 ദിവസം പ്രായമുള്ളപ്പോൾ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിമരിച്ചിരുന്നു. ഭാര്യ വീട്ടിൽവെച്ചാണ് മരണം സംഭവിച്ചത്. തുടർന്നാണ് കുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നിസാർ ടൗൺ പൊലീസിൽ പരാതിനൽകിയത്.
എന്നാൽ തൊണ്ടയിൽ അടപ്പ് കുടുങ്ങി കുഞ്ഞ് മരിച്ച സംഭവത്തിൽ അസ്വഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. പൊലീസ് അന്വേഷണം നടക്കുകയാണ്.