എൻജിനീയറിങ് പരീക്ഷാ കൂട്ടത്തോൽവി; കർശന ഇടപെടലുമായി സാങ്കേതിക സർവകലാശാല

26 കോളേജുകളിൽ വിജയം 25 ശതമാനത്തിൽ താഴെയാണ്

Update: 2024-07-06 01:58 GMT

എറണാകുളം: സംസ്ഥാനത്തെ എൻജിനീയറിങ് പരീക്ഷ കൂട്ടത്തോൽവിയിൽ കർശന ഇടപെടലുമായി സാങ്കേതിക സർവകലാശാല. 25 ശതമാനത്തിൽ താഴെ വിജയം ഉള്ള കോളജുകളിൽ മോണിറ്ററിങ് സംവിധാനം ഒരുക്കും. വിജയ ശതമാനം കുറഞ്ഞത് വിദേശ സർവകലാശാലകൾ മുതലെടുക്കുന്നു എന്ന് നിരീക്ഷണമുണ്ട്. സ്വാശ്രയ കോളേജ് മാനേജ്മെൻ്റുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഇത്തവണത്തെ ബി- ടെക് പരീക്ഷാ ഫലം വന്നപ്പോൾ 53 ശതമാനം ആണ് സാങ്കേതിക സർവകലാശാലയിലെ വിജയം. 26 കോളേജുകളിൽ വിജയം 25 ശതമാനത്തിന് താഴെപ്പോയി. ഒരൊറ്റ വിദ്യാർഥി പോലും പാസാവാത്ത ഒരു കോളേജും കൂട്ടത്തിൽ ഉണ്ട്. ആറ് കോളജുകളുടെ വിജയം പത്ത് ശതമാനത്തിൽ താഴെയായിരുന്നു. 70 ശതമാനത്തിനു മുകളിൽ കുട്ടികളെ ജയിപ്പിക്കാനായത് 17 കോളേജുകൾക്ക് മാത്രമാണ്.

Advertising
Advertising

ആദ്യം സർവകലാശാല ന്യായീകരിച്ചെങ്കിലും അക്കാദമിക നിലവാരത്തെ കുറിച്ച് ആശങ്ക ഉയർന്നതോടെ ഇടപെടൽ വേണം എന്ന് തീരുമാനിച്ചു. ഇതോടെയാണ് ഇന്നലെ നടന്ന കോളേജ് മാനേജ്മെൻ്റ് യോഗത്തിൽ വിഷയം ചർച്ച ചെയ്തത്. യോഗത്തിൽ വിജയശതമാനം കുറഞ്ഞ കോളജുകളിലെ പ്രശ്നങ്ങൾ ചർച്ചയായി. വിജയ ശതമാനം കുറഞ്ഞത് സംസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകൾ മുതലെടുക്കാൻ ശ്രമിക്കുന്നു എന്നും ഇതുവഴി സാങ്കേതിക വിദ്യാഭ്യാസം തേടി വിദ്യാർഥികൾ സംസ്ഥാനം വിട്ടുപോകാൻ സാധ്യത ഉണ്ടെന്നും അഭിപ്രായം ഉയർന്നു.

ചർച്ചക്കൊടുവിൽ അക്കാദമിക വിദഗ്ധരും സിൻഡിക്കേറ്റ് അംഗങ്ങളും ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. 25 ശതമാനം വിജയം നേടാൻ കഴിയാത്ത കോളേജുകളെ നിരീക്ഷിക്കുന്നതിനും പഠന നിലവാരം മെച്ചെപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രവർത്തനമാകും ഈ കമ്മിറ്റിയുടെ ചുമതല. എന്നിട്ടും മെച്ചപ്പെടാത്ത കോളജുകൾക്ക് എതിരെ അച്ചടക്ക നടപടി എടുക്കാനാണ് ആലോചന. കമ്മിറ്റിയുടെ ഘടനയും പ്രവർത്തന രീതിയും സംബന്ധിച്ച കാര്യം വരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ആലോചിക്കും.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News