Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പാലക്കാട്: പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ ഇരുട്ടിൽ തപ്പി പൊലീസ്. സ്കൂളിന്റെ പുറത്തുനിന്നാണ് സ്ഫോടക വസ്തു ലഭിച്ചത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. സ്ഫോടക വസ്തുക്കൾ എത്തിച്ചവരെക്കുറിച്ച് ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല. സ്ഫോടക വസ്തുവെച്ച സ്ഥലത്ത് സിസിടിവി ഇല്ലെന്നാണ് പോലീസ് പറയുന്നത്.
എന്തുതരം സ്ഫോടക വസ്തുവാണെന്ന് അറിയാൻ ഫോറൻസിക് ഫലം പുറത്തുവരണം. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കണക്കാക്കി ആയുധങ്ങൾ സൂക്ഷിച്ചതാകാമെന്നും സ്കൂളിന്റെ NOC റദ്ദാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നേരത്തെ പ്രതികരിച്ചിരുന്നു. 'ആർഎസ്എസിൻ്റെ ക്യാമ്പ് നടക്കുന്ന ഗ്രൗണ്ട് ആണ്. ആർഎസ്എസിന് ബന്ധമുണ്ട്. ഏത് സ്കൂൾ ആയിരുന്നാലും അതിനുള്ളിൽ ആയുധ പരിശീലനം നടത്താൻ വിടില്ല. ക്യാമ്പസിനുള്ളിൽ റൂട്ട് മാർച്ചും ആയുധ പരിശീലനവും നടത്തേണ്ട. വിദ്യാഭ്യസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.' വി.ശിവൻകുട്ടി പറഞ്ഞു.
പാലക്കാട് മൂത്താൻതറ വ്യാസ വിദ്യാപീഠം സ്‌കൂളിൻ്റെ പരിസരത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പത്തുവയസുകാരന് പരിക്കേറ്റിരുന്നു. സ്കൂൾ വളപ്പിൽ നിന്ന് ലഭിച്ച സ്ഫോടക വസ്‌തുവാണ് പൊട്ടിതെറിച്ചത്.