കല്യാശ്ശേരിയിലെ കള്ളവോട്ട്; വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോൾ സ്വകാര്യത ഉറപ്പാക്കണം, പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കർശന നിര്‍ദേശം

ഇ.വി.എം കമ്മീഷനിങ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ.

Update: 2024-04-20 01:34 GMT

കാസർകോട്: കല്യാശ്ശേരിയിൽ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള നടപടികൾ കർശനമാക്കാൻ ജില്ലാ ഭരണകൂടം. വീട്ടിലെ വോട്ട് രേഖപ്പെടുത്തുമ്പോൾ പൗരന്‍മാരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് പോളിങ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇ.വി.എം കമ്മീഷനിങ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കാസർകോട് ജില്ലാ കലക്ടർ കെ. ഇമ്പശേഖർ വ്യക്തമാക്കി. ഇ.വി.എം കമ്മീഷനിങ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. ഇതിൽ ഫോറൻസിക് പരിശോധന നടത്താനാണ് തീരുമാനം.  

Advertising
Advertising

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചകൾ ഉണ്ടാവുന്നതായാണ് വിലയിരുത്തൽ. കല്യാശ്ശേരി മണ്ഡലത്തില്‍ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതിനിടെ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു കള്ളവോട്ട് നടന്നത്. ഇതോടെ ചുമതലയിലുണ്ടായിരുന്ന പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തു.  

കാസർകോട് ഗവ.കോളജിൽ നടന്ന മോക്ക് പോളിങ്ങിൽ താമരയ്ക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായതായാണ് വിലയിരുത്തൽ. ഇങ്ങനെ തുടർച്ചയായി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതോടെയാണ് ജില്ലാ ഭരണകൂടം നടപടി കർശനമാക്കാൻ തീരുമാനിച്ചത്. ഇതിൻ്റെ ഭാഗമായാണ് വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കർശന നിര്‍ദേശം നൽകിയത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News