'വന്നുപെട്ടത് ഇങ്ങനെയൊരു വീട്ടില്‍, കാശിനോടാണ് ആക്രാന്തം'; ഷാർജയിൽ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം

കുഞ്ഞ് ജനിച്ചതിന് ശേഷം പീഡനം കൂടിയെന്നും ഭർത്താവ് പൂർണമായി തന്നെ ഒഴിവാക്കിയെന്നും വിപഞ്ചികയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു

Update: 2025-07-11 03:53 GMT
Editor : Lissy P | By : Web Desk

കൊല്ലം: സ്വദേശിനിയും മകളും ഷാർജയിൽ മരിച്ചതിൽ പരാതിയുമായി കുടുംബം.ഭർത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് മരണ കാരണമെന്ന് മാതാവ് പൊലീസിന് നൽകിയ പരാതിയിൽ. കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചികയേയും മകൾ വൈഭവിയെയും ചൊവ്വാഴ്ചയാണ് ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നേരിട്ട പീഡനങ്ങൾ സംബന്ധിച്ച വിപഞ്ചികയുടെ ശബ്ദ സന്ദേശവും പുറത്തുവന്നു.

ഒന്നേകാൽ വയസുള്ള മകളെ കൊലപ്പെടുത്തി വിപഞ്ചിക ആത്മഹത്യ ചെയ്തു എന്ന വിവരം കുടുംബത്തിന് വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം ഷാർജയിൽ ഭർത്താവിനും കുടുംബത്തിനും ഒപ്പം താമസിച്ചിരുന്ന യുവതി അമ്മയെയും സുഹൃത്തുക്കളെയും പീഡനവിവരങ്ങള്‍ അറിയിച്ചിരുന്നു.

Advertising
Advertising

'ഇരുന്ന് ഇരുന്ന് കഷ്ടപ്പെട്ട് കെട്ടിച്ച് വിട്ട് വന്നുപെട്ടത് ഇങ്ങനെയൊരു വീട്ടിലാണ്. മൂന്ന് പേരും ഒന്നിനൊന്ന് മെച്ചമാണ്.മൂന്നുപേരും വല്ലാത്ത ടോർച്ചറിങ്ങാണ്.സഹിക്കുക തന്നെ..അല്ലാതെ എന്താണ് ചെയ്യുക. ഏഴുമാസത്തിന് ശേഷമാണ് എന്റെ കൂടെ കിടന്നത്. മദ്യപിച്ചിരുന്നുവെന്നും അബദ്ധം പറ്റിയതാണെന്നും പിറ്റേ ദിവസം പറഞ്ഞു. അത്രക്കും തരം താഴ്ന്നു പോയി'..വിപഞ്ചിക പങ്കുവെച്ച ശബ്ദസന്ദേശത്തില്‍ പറയുന്നു.

2020 നവംബറിലാണ് കോട്ടയം സ്വദേശി നിധീഷുമായുള്ള വിവാഹം നടന്നത്. ഒരു വർഷം മുമ്പ് കുഞ്ഞ് ജനിച്ചതിന് ശേഷം പീഡനം കൂടിയെന്നും ഭർത്താവ് പൂർണമായി തന്നെ ഒഴിവാക്കിയെന്നും വിപഞ്ചികയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇതിനിടെ കൊല്ലത്തെ അഭിഭാഷകനുമായി സംസാരിക്കാനും ശ്രമിച്ചു.കുറേ സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു സന്ദേശം ലഭിച്ചതെന്ന് അഭിഭാഷകൻ പറയുന്നു. മറുപടി നല്‍കിയെങ്കിലും അത് വായിച്ചിട്ടില്ലെന്നും അഡ്വ.പള്ളിമണ്‍ മനോജ് കുമാര്‍ പറഞ്ഞു.

മകളുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. എംബസി, വിദേശകാര്യമന്ത്രി, മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ളവർക്ക് പരാതി നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News