'കപ്പലണ്ടി വിറ്റ് നടന്ന കണ്ണൻ കോടിപതി, മൊയ്തീൻ മുതലാളി'; CPM നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണവുമായി DYFI തൃശൂര്‍ ജില്ലാസെക്രട്ടറി
പുറത്ത് വന്ന ഫോണ്‍ സംഭാഷണം വർഷങ്ങൾക്ക് മുമ്പുള്ളതാണെന്ന് വിശദീകരണം
തൃശൂര്‍:സിപിഎം നേതാക്കൾക്കെതിരെ സാമ്പത്തിക ആരോപണവുമായി ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി. 'കപ്പലണ്ടി വിറ്റ് നടന്ന കെ. കണ്ണൻ കോടിപതിയാണ്. എ.സി മൊയ്തീന്റെ ഡീലിംഗ്സ് ടോപ്പ് ക്ലാസിലുള്ളവരുമായാണെന്നുമുള്ള' ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത്പ്രസാദിന്റെ സ്വകാര്യ സംഭാഷണമാണ് പുറത്ത് വന്നത്.
മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍,മുതിര്‍ന്ന സിപിഎം നേതാവ് എം.കെ കണ്ണന്‍,തൃശൂരിലെ സിപിഎമ്മിലെ പ്രധാന നേതാവായ വര്‍ഗീസ് കണ്ടംകുളത്തി തുടങ്ങിയവര്‍ക്കെതിരെയാണ് ഡിവൈഎഫ്ഐ നേതാവിന്‍റെ വിമര്‍ശനം.
പണം പിരിക്കാൻ ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് എളുപ്പമാണ്. എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ പണം പിരിക്കുന്ന സമയത്ത് 5000മുതല്‍ 10000 വരെയാണ് ലഭിക്കുന്നത്.എന്നാല്‍ ജില്ലാതല നേതാക്കള്‍ പണം പിരിക്കുന്ന സമയത്ത് ലക്ഷങ്ങളാണ് ലഭിക്കുന്നതെന്നും പുറത്ത് വന്ന ഫോണ്‍ സംഭാഷണത്തിലുണ്ട്. അതേസമയം, സംഭാഷണം വർഷങ്ങൾക്ക് മുൻപ് ഉള്ളതാണെന്നാണ് വിശദീകരണം.
വർഷങ്ങൾക്ക് മുൻപുള്ള ഓഡിയോ ക്ലിപ്പ് ആണ് പുറത്തു വന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ മാധ്യമങ്ങളോട് പറഞ്ഞു.ഓഡിയോയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. ശരത്തിൽ നിന്നും പാർട്ടി വിശദീകരണം തേടുമെന്നും അബ്ദുൽ ഖാദർ പറഞ്ഞു.