'ഒന്നാം ക്ലാസുകാരിയെ കാറിടിച്ചത് രക്ഷിതാക്കളെ അറിയിച്ചില്ല, പ്രാഥമിക ശുശ്രൂഷ പോലും നൽകാതെ വീട്ടിലേക്ക് അയച്ചു'; തിരൂർ MES സെൻട്രൽ സ്‌കൂളിനെതിരെ പരാതി
രക്ഷിതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായതെന്നും പരാതിയില്‍ പറയുന്നു
മലപ്പുറം: തിരൂർ എംഇഎസ് സെൻട്രൽ സ്കൂളിൽ ഒന്നാം ക്ലാസുകാരിയെ കാറിടിച്ചത് രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് പരാതി. അപകടത്തിന് ശേഷം പ്രാഥമിക ശുശ്രൂഷ പോലും നൽകാതെ കുട്ടിയെ വീട്ടിലേക്ക് അയച്ചു. കുട്ടി സ്കൂളിൽ വീണു എന്നു മാത്രമാണ് രക്ഷിതാക്കളെ അറിയിച്ചത്. ബാലാവകാശ കമ്മീഷനിലും ചൈല്‍ഡ് ലൈനിലും തിരൂര് പൊലീസിലും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
ജൂലൈ 31 ന് സ്കൂള്‍ കോമ്പൗണ്ടിൽ വെച്ച് മറ്റൊരു കുട്ടിയുടെ രക്ഷിതാവിന്റെ കാറാണ് ഒന്നാം ക്ലാസുകാരിയെ ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ കുട്ടി തെറിച്ച് വീഴുകയും ചെയ്തു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പുറമേക്ക് പരിക്കൊന്നുമില്ലാത്തതിനാല്‍ വീണതാകാമെന്നാണ് വീട്ടുകാരും കരുതിയിരുന്നത്.
നാല് ദിവസത്തിന് ശേഷമാണ് കുട്ടിക്ക് വലിയ ശരീരവേദനയുണ്ടാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംശയം തോന്നിയ രക്ഷിതാക്കള്‍ സ്കൂളിലെത്തി സിസിടിവി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.സിസിടിവി പരിശോധിച്ചപ്പോഴാണ് കാറിടിച്ചതാണെന്ന് മനസിലാകുന്നത്. എന്നാല്‍ കാറിടിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വാദം. അപകടത്തിന് ശേഷവും അപകടമുണ്ടാക്കിയ കാറിലെ രക്ഷിതാവോ,സ്കൂള്‍ അധികൃതരോ വേണ്ട ചികിത്സ നല്‍കുകയോ ഇക്കാര്യം തങ്ങളെ അറിയിക്കാന്‍ പോലും തയ്യാറായില്ലെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.