Writer - അൻഫസ് കൊണ്ടോട്ടി
anfas123
തൃശൂര്‍: കുതിരാനില്‍ ഒറ്റയാനെ പിടികൂടാനുള്ള ദൗത്യം അവസാനിപ്പിച്ച് വനംവകുപ്പ്. ഒറ്റയാനെ പിടികൂടുന്നതിനായി കൊണ്ടുവന്ന കുങ്കുയാനകളെ മടക്കിക്കൊണ്ടുപോകുന്നു. വിക്രം, ഭാരത് എന്നീ കുങ്കിയാനകളെയാണ് മടക്കിക്കൊണ്ടുപോകുന്നത്. ഒറ്റയാനെ കാടുകയറ്റുകയോ പിടികൂടുകയോ ലക്ഷ്യമിട്ടായിരുന്നു കുങ്കിയാനകളെ എത്തിച്ചിരുന്നത്.
കുതിരാനില്‍ ഇറങ്ങിയ കാട്ടുകൊമ്പനെ ജനവാസമേഖലയില്‍ നീക്കുന്നതിനായി വയനാട്ടില്‍ നിന്നാണ് കുങ്കിയാനകളെ വനംവകുപ്പ് എത്തിച്ചത്. കുതിരാനില്‍ കാട്ടാന ആക്രമണത്തില്‍ നേരത്തെ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഫോറസ്റ്റ് വാച്ചര്‍ ബിജുവിനാണ് പരിക്കേറ്റത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന ബിജുവിനെ ആക്രമിക്കുകയായിരുന്നു. ആവര്‍ത്തിച്ച ആവശ്യപ്പെട്ടിട്ടും കാട്ടാന ശല്യത്തിന് അധികൃതര്‍ പരിഹാരം കാണുന്നില്ല എന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പ്രതിഷേധത്തിനിടെ തടഞ്ഞുവെക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.
കുതിരാനില്‍ കുങ്കിയാനകളെ എത്തിച്ചതിന് ശേഷം ഇതുവരെ മേഖലയില്‍ ഒറ്റയാന്‍ എത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് കുതിരാന്‍ ദൗത്യം വനംവകുപ്പ് മതിയാക്കുന്നത്.