​ഗണേഷ് പറഞ്ഞു; മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയ തീരുമാനം മരവിപ്പിച്ച് സർക്കാർ ‌

പ്രേംജിത്തിനെ വീണ്ടും ചെയർമാനായി നിയമിച്ച് പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

Update: 2023-09-05 07:06 GMT
Advertising

തിരുവനന്തപുരം: മുന്നാക്ക സമുദായ വികസന കോർപറേഷൻ ചെയർമാന്‍ സ്ഥാനത്ത് നിന്ന് കേരള കോണ്‍ഗ്രസ് ബി പ്രതിനിധി കെ.ജി പ്രേംജിത്തിനെ മാറ്റിയ നടപടി സർക്കാർ മരവിപ്പിച്ചു. കെ.ബി ​ഗണേഷ് കുമാർ എംഎൽഎയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് തീരുമാനത്തില്‍ നിന്ന് സർക്കാർ പിന്നാക്കം പോയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.

പ്രേംജിത്തിനെ വീണ്ടും ചെയർമാനായി നിയമിച്ച് പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കേരള കോൺഗ്രസ് (ബി) ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചതിനെ തുടർന്നാണ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പ്രേംജിത്തിനെ മുന്നാക്ക വികസന കോർപ്പറേഷന്‍ ചെയർമാനായി നിയമിച്ചത്.

എന്നാല്‍ പ്രേംജിത്തിനെ തദ്സ്ഥാനത്ത് നിന്ന് മാറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍നായരെ നിയമിച്ച് സർക്കാർ കഴിഞ്ഞദിവസം ഉത്തരവിറക്കി. കൂടിയാലോചനകള്‍ നടത്താതെ ചെയർമാന്‍സ്ഥാനം സിപിഎം ഏറ്റെടുത്തതില്‍ കടുത്ത പ്രതിഷേധവുമായി കെ.ബി ഗണേഷ് കുമാർ രംഗത്ത് വന്നു.

മുന്നണി മര്യാദയ്ക്ക് ചേരാത്ത നടപടിയാണ് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജന് ഗണേഷ് കുമാർ കത്ത് നല്‍കി. സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. ഇതോടെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. എം. രാജഗോപാലന്‍നായരെ നിയമിച്ച ഉത്തരവ് മരവിപ്പിക്കാന്‍ മുഖ്യമന്ത്രി നിർദേശം നല്‍കുകയായിരുന്നു.

അതേസമയം, തീരുമാനം മരവിപ്പിച്ചതില്‍ സന്തോഷമെന്ന് ഗണേഷ്കുമാർ പ്രതികരിച്ചു. ചെയർമാനെ മാറ്റിയത് മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും അറിഞ്ഞിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നുണ്ട്. നടപടി സർക്കാരിനെതിരെയുള്ള വിമർശനത്തിന്റെ പേരിലല്ലെന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഗണേഷ് കുമാർ വിശദമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News