സൂംബയുടെ പേരിലുള്ള ഭരണകൂട വേട്ട അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റം: കെ.പി.എ മജീദ്

വിദ്യാലയങ്ങളിൽ സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്നതിനെ ഭീകരമായ അപരാധമായി കാണുന്നവരുടെ അസഹിഷ്ണുത ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് കെ.പി.എ മജീദ് എംഎൽഎ പറഞ്ഞു.

Update: 2025-07-02 15:14 GMT

കോഴിക്കോട്: പൊതു വിദ്യാലയങ്ങളിൽ ഏകപക്ഷീയമായി നടപ്പിലാക്കുന്ന സൂംബ ഡാൻസുമായി ബന്ധപ്പെട്ട് മുഖ്യധാര മുസ്ലിം സംഘടനയുടെ സംസ്ഥാന നേതാവുകൂടിയായ എടത്തനാട്ടുകര ടി.എ.എം യുപി സ്‌കൂളിലെ അധ്യാപകൻ ടി.കെ അഷ്റഫിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത് അഭിപ്രായ സ്വാതന്ത്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എംഎൽഎ. വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നതും ചർച്ചകൾ കൊണ്ടുവരുന്നതും സാധാരണമാണ്. പൊതുസമൂഹം ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കുക എന്നത് ഉത്തരവാദിത്തപ്പെട്ടവരുടെ ബാധ്യതയാണ്. അവരെ വർഗീയ ചാപ്പകുത്തുന്നതും വകുപ്പുതല നടപടിയെടുത്ത് വേട്ടയാടുന്നതും ഫാഷിസ്റ്റ് സമീപനമാണ്.

Advertising
Advertising

വിദ്യാലയങ്ങളിൽ സൂംബ പരിശീലനം നൽകാനുള്ള തീരുമാനത്തെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടുവെന്നതിനെ ഭീകരമായ അപരാധമായി കാണുന്നവരുടെ അസഹിഷ്ണുത ജനാധിപത്യത്തിന് ഭൂഷണമല്ല. അധികാരമുപയോഗിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ വായടപ്പിക്കുന്ന മോദിയുടെ അതേശൈലിയിലേക്ക് പിണറായിയും അധഃപതിച്ചുവെന്നാണ് വീണ്ടും അടിവരയിടുന്നത്. അച്ചടക്കനടപടിക്ക് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുക എന്ന പ്രാഥമിക കാര്യംപോലും പാലിക്കാതെ 24 മണിക്കൂറിനകം ടി.കെ അഷ്റഫിനെതിരെ ചട്ടവിരുദ്ധമായി നടപടി സ്വീകരിക്കാൻ സ്‌കൂൾ മാനേജരോട് ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണ്.

സ്‌കൂളുകളിൽ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സൂംബ അടിച്ചേൽപ്പിക്കുന്നതിൽ ഭിന്നാഭിപ്രായമുള്ള പല സംഘടനകളും വ്യക്തികളുമുണ്ട്. അതിനെ മുഖവിലക്കെടുക്കാനും സംശയങ്ങൾ ദൂരീകരിക്കാനും ബാധ്യയുള്ള ഭരണകൂടം കയ്യൂക്കിന്റെ ഭാഷയിൽ നേരിടുന്നത് തുടരുന്നത് പൊതുവിദ്യാഭ്യാസ മേഖലക്ക് തന്നെ തിരിച്ചടിയാവും. അഭിപ്രായ സ്വാതന്ത്യത്തിനെതിരെ സർക്കാർ വേട്ടയാടൽ അവസാനിപ്പിക്കണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News