സർക്കാർ അന്ധവിശ്വാസത്തട്ടിപ്പുകാരെ സഹായിക്കുന്നു, തീരുമാനത്തിൽനിന്ന് പിന്മാറണം ശാസ്ത്ര സാഹിത്യ പരിഷത്

അന്ധവിശ്വാസ ചൂഷണ നിരോധനനിയമം പാസാക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയരുതെന്നും സര്‍ക്കാരിന്റെ ഈ പിന്മാറ്റം ആശങ്കയ്ക്കിടവരുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്നും പരിഷത്ത്

Update: 2025-06-25 13:03 GMT

തൃശൂർ: അന്ധവിശ്വാസ ചൂഷണ നിരോധനനിയമം പാസാക്കുന്നതില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. പിന്തിരിയുന്നതിലൂടെ ഇടത് സർക്കാർ അന്ധവിശ്വാസത്തട്ടിപ്പുകാരെ സഹായിക്കുകയാണെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അടിസ്ഥാനമാക്കിയുള്ള വിവിധതരം ചൂഷണങ്ങള്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് അവയെ ചെറുക്കുന്നതിനുള്ള ഒരു നിയമത്തിന്റെ ആവശ്യകത കേരളസമൂഹം ഉയര്‍ത്തിയത്. എന്നാല്‍ ഒരു ദശകമായി ആ നിയമം നിര്‍മിക്കണമെന്ന ആവശ്യത്തിന് വേണ്ടതായ നടപടികള്‍ വിവിധ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായില്ല. ഒരു ദശകത്തിനുശേഷം ഇപ്പോഴാകട്ടെ, സര്‍ക്കാര്‍ അതില്‍നിന്ന് പിന്മാറിയിരിക്കുന്നു എന്നതാണ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലം വെളിവാക്കുന്നത്.

Advertising
Advertising

സര്‍ക്കാരിന്റെ ഈ പിന്മാറ്റം ആശങ്കയ്ക്കിടവരുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. മഹാരാഷ്ട്ര, കര്‍ണാടക സര്‍ക്കാരുകള്‍ അന്ധവിശ്വാസചൂഷണങ്ങള്‍ക്കെതിരായ നിയമനിര്‍മാണം നടത്തിക്കഴിഞ്ഞു. അപ്പോഴാണ് കേരളം അതിൽ നിന്ന് പിന്നോട്ട് പോകുന്നത്. സമീപകാലത്ത് അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും ജനങ്ങള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നു എന്നതിന് നിരവധി തെളിവുകളുണ്ട്. ഈ വസ്തുതയ്ക്ക് ഉപോദ്ബലകമായി നിരവധി തട്ടിപ്പു കളും കൊലപാതകങ്ങളും മറ്റുതരത്തിലുള്ള ക്രിമിനല്‍ നടപടികളും തുടര്‍ച്ചയായി വെളിച്ചത്ത് വന്നുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങളുടെ മറവിലുള്ള ചൂഷണങ്ങളും അതിക്രമങ്ങളും നേരിടാന്‍ ശക്തമായ നിയമം വേണം.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അന്ധവിശ്വാസചൂഷണത്തിനെതിരെ ഒരു ബില്ലു കൊണ്ടുവരുന്നതിനുള്ള കരട് 2014ല്‍ സംസ്ഥാനസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും എത്രയും വേഗം ആ ബില്ല് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും എന്ന് കേരള ജനതയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന്, ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും ശാസ്ത്രസാഹിത്യ പരിഷത്ത് അന്ധ വിശ്വാസ ചൂഷണ നിരോധനനിയമം ഉടന്‍ പാസ്സാക്കുന്നതിന് വേണ്ടിയുള്ള നിവേദനം മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിയമനിര്‍മാണത്തില്‍നിന്നും പിന്‍വാങ്ങിയതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഈ തീരുമാനത്തിന്റെ കാരണം ജനങ്ങളുടെ മുമ്പില്‍ സര്‍ക്കാര്‍ വിശദീകരിക്കേണ്ടതാണ്.സംസ്ഥാനസര്‍ക്കാര്‍ ഇപ്പോഴത്തെ തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞ് കരട് ബില്ല് കാലാനുസൃതമായി പരിഷ്‌കരിച്ച് പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. അതിന്റെ അടിസ്ഥാനത്തില്‍ ബില്ല് കൂടുതല്‍ മെച്ചപ്പെടുത്തി നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഭാരവാഹികളായ പ്രസിഡണ്ട് ടി.കെ.മീരാഭായ്,ജനറല്‍സെക്രട്ടറി പി.വി.ദിവാകരന്‍ എന്നിവർ ആവശ്യപ്പെട്ടു​.  

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News