നാളെയില്ല; സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി

തിങ്കളാഴ്ച തൃശൂരിൽ പുരസ്കാരം പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്.

Update: 2025-10-31 12:38 GMT

Photo| Special Arrangement

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി സർക്കാർ. കേരളപ്പിറവി ദിനമായ നാളെ പുരസ്കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച തൃശൂരിൽ പുരസ്കാരം പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്. നേരത്തെ തിരുവനന്തപുരത്ത് പ്രഖ്യാപനം നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ അത് ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. ഇതിനുള്ള സ്‌ക്രീനിങ്ങുകളും പൂർത്തിയാക്കിയിരുന്നു.

Advertising
Advertising

എന്നാൽ നാളെ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം തിരുവനന്തപുരത്ത് വലിയ രീതിയിൽ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതേദിവസം തന്നെ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടത്തിയാൽ ശ്രദ്ധിക്കപ്പെടാതെ പോകും എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് പെട്ടെന്നുള്ള തീരുമാനം. കൂടാതെ, ജൂറി ചെയർമാൻ അസൗകര്യം അറിയിച്ചതായും സൂചനയുണ്ട്.

അതേസമയം, ആരാകും മലയാളത്തിലെ മികച്ച നടീനടന്‍മാരെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. മികച്ച നടനുള്ള പുരസ്കാരത്തിന് മമ്മൂട്ടിയും ആസിഫ് അലിയും വിജയരാഘവനുമാണ് അവസാന റൗണ്ടിലെത്തിയിരിക്കുന്നത്. മികച്ച നടിമാര്‍ക്കു വേണ്ടിയുള്ള മത്സരത്തിൽ കനി കുസൃതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിലെത്തി. മികച്ച സംവിധായകനുള്ള ഫൈനൽ റൗണ്ടിൽ ഏഴ് പേരാണ്. നവാഗത സംവിധായകനുള്ള മത്സരത്തിൽ മോഹൻലാലുമുണ്ട്.

ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായുള്ള തകര്‍പ്പൻ പ്രകടനത്തിലൂടെ മമ്മൂട്ടി സംസ്ഥാനം പുരസ്കാരം സ്വന്തമാക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, ലെവൽക്രോസ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ആസിഫ് അലിയെ ഫൈനൽ റൗണ്ടിലേക്ക് എത്തിച്ചത്. കിഷ്കിന്ധാകാണ്ഡത്തിലെ അഭിനയത്തിലൂടെ വിജയരാഘവനും പട്ടികയിലുണ്ട്.

അതേസമയം മലൈക്കോട്ടെ വാലബനിലെ പ്രകടനത്തിന് മോഹൻലാലിനെയും പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ചലച്ചിത്രമേളകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഫെമിനിച്ചി ഫാത്തിമ എന്നീ ചിത്രങ്ങളും മികച്ച ചിത്രമാകാനുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഉണ്ട്. ഈ ചിത്രങ്ങളില്‍ വേഷമിട്ട കനി കുസൃതിയും ദിവ്യപ്രഭയുമാണ് മികച്ച നടിമാരാകാൻ മത്സരിക്കുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News