സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് നാലുമാസമായി ശമ്പളമില്ല

അന്വേഷിച്ച് ചെല്ലുന്ന അധ്യാപകർക്ക് മുന്നിൽ വിദ്യാഭ്യാസ വകുപ്പ് കൈമലർത്തുന്നുവെന്നാണ് പരാതി

Update: 2023-12-20 01:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ താൽക്കാലിക അധ്യാപകർക്ക് നാലുമാസമായി ശമ്പളം ലഭിക്കുന്നില്ല. സ്പാർക്ക് സോഫ്റ്റ്‌വെയറിൽ ഐഡി നമ്പർ രേഖപ്പെടുത്താത്തത് മൂലമാണ് ശമ്പളം കിട്ടാത്തത്. അന്വേഷിച്ച് ചെല്ലുന്ന അധ്യാപകർക്ക് മുന്നിൽ വിദ്യാഭ്യാസ വകുപ്പ് കൈമലർത്തുന്നുവെന്നാണ് പരാതി.

ഓണത്തിന് ശേഷം വന്ന ഒഴിവുകളിൽ ദിവസ വേതനത്തിന് ജോലിക്ക് കയറിയ അധ്യാപകർക്കാണ് ദുർഗതി. ഓണം കഴിഞ്ഞു ക്രിസ്മസ് എത്തിയിട്ടും ഒരു രൂപ പോലും ഇവർക്ക് ലഭിച്ചിട്ടില്ല. സ്പാർക്ക് സോഫ്റ്റ്‌വെയർ മുഖേനയാണ് ദിവസവേതനകാർക്ക് ശമ്പളം നൽകുന്നത്. അതിനായി ഓരോരുത്തർക്കും താത്കാലിക പെൻ നമ്പർ നൽകും. ഈ നമ്പർ കിട്ടാത്തത് മൂലമാണ് ശമ്പളം വരാത്തത്. പെൻ നമ്പർ അനുവദിക്കുന്നതിനുള്ള ചുമതല ധനവകുപ്പിൽ നിന്നും വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. ആദ്യം പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റും പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളും പൂർത്തിയാക്കിയിരുന്ന നടപടി ഇപ്പോൾ എവിടെയാണ് ചെയ്യുന്നതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല.

കഴിഞ്ഞ ഓണക്കാലത്ത് സമാനമായ പ്രതിസന്ധി ഉണ്ടായപ്പോൾ ഏറെ പണിപ്പെട്ടാണ് വിദ്യാഭ്യാസ വകുപ്പ് പരിഹരിച്ചത്. നേരത്തേ ജോലിക്ക് കയറി നാല് ദിവസത്തിനുള്ളിൽ താത്കാലിക പെന്‍നമ്പര്‍ ഉള്‍പ്പെടെയുള്ളവ അധ്യാപകര്‍ക്ക് ലഭിച്ചിരുന്നു. തുടർനടപടികൾ വേഗത്തിൽ ആക്കിയില്ലെങ്കിൽ ക്രിസ്മസ് കാലം വറുതിയിലാകുമെന്ന ആശങ്കയിലാണ് ഇവർ.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News