കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി; ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം

കൂടുതല്‍ നേതാക്കള്‍ സംഘടനാ തലത്തില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് രംഗത്ത് എത്തി.തിരക്കിട്ട് തീരുമാനം വേണ്ടെന്നായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം

Update: 2021-05-05 07:46 GMT
Editor : Jaisy Thomas | By : Web Desk
Advertising

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനുള്ള മുറവിളി ശക്തമാകുന്നു. കൂടുതല്‍ നേതാക്കള്‍ സംഘടനാ തലത്തില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് രംഗത്ത് എത്തി.തിരക്കിട്ട് തീരുമാനം വേണ്ടെന്നായിരുന്നു കെ. സുധാകരന്‍റെ പ്രതികരണം. പുതിയ കെപിസിസി അധ്യക്ഷനെ കുറിച്ചുള്ള ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു കെ. മുരളീധരന്‍റെ മറുപടി.

നേതൃമാറ്റം വേണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മുല്ലപ്പള്ളി രാമചന്ദ്രനെതിരെയാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം. കെ. സുധാകരനെ അധ്യക്ഷനാക്കണമെന്ന ആവശ്യം പരസ്യമായി ഉയര്‍ന്നു കഴിഞ്ഞു. പരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ നിന്നും കെ.പി.സി.സി അധ്യക്ഷന്‍ ഒഴിഞ്ഞു മാറാനാവില്ലെന്ന് സണ്ണി ജോസഫ് എം.എല്‍.എ തുറന്നടിച്ചു. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്‍റ് ആകണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്നും സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു.

എന്നാല്‍ നേതൃമാറ്റം സംബന്ധിച്ച ചോദ്യത്തിന് കരുതലോടെയായിരുന്നു സുധാകരന്‍റെ മറുപടി. കെ.പി.സി.സിയുടെ ജംബോ കമ്മറ്റികള്‍ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട കെ. മുരളീധരന്‍ പാര്‍ട്ടിയുടെ ഉന്നത സ്ഥാനം എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ നിരവധി പേരുണ്ടെന്ന് പരിഹസിച്ചു. നേതൃമാറ്റത്തെ കുറിച്ച് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് നേതാക്കള്‍ ഒരു പോലെ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതോടെ ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണായകമാവും. താഴേ തട്ടിലും ഡി.സി.സി തലത്തിലുമൊക്കെ മാറ്റം വേണമെന്നാണ് പൊതുവികാരം.

അതിനിടയില്‍ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ  തിരുവനന്തപുരത്ത് എ ഗ്രൂപ്പ് യോഗം ചേർന്നു. കവടിയാറിലെ ആര്യാടൻ മുഹമ്മദിൻറെ ഫ്ലാറ്റിലാണ് യോഗം ചേർന്നത്.കെ.ബാബു, കെ.സി ജോസഫ്,തമ്പാനൂർ രവി, ബെന്നി ബെഹ്നാനൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ആരോഗ്യപ്രശ്നങ്ങളുള്ള ആര്യാടൻ മുഹമ്മദിനെ കാണാനെത്തിയതാണെന്ന് നേതാക്കൾ പ്രതികരിച്ചു.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News