ഹജ്ജ്: സംസ്ഥാനത്ത് ഓൺലൈൻ മുഖേന ലഭിച്ചത് 19,531 അപേക്ഷകൾ

സൂക്ഷ്മ പരിശോധനക്ക് ശേഷം അന്തിമപട്ടികയാകും

Update: 2023-03-21 01:45 GMT
Editor : Lissy P | By : Web Desk

മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നതിനുളള സമയപരിധി അവസാനിച്ചു. 19,531 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇത് വരെ ഓൺലൈൻ മുഖേന ലഭിച്ചത്. അപേക്ഷകളുടെ സൂക്ഷമ പരിശോധനക്ക് ശേഷമാകും മൊത്തം അപേക്ഷകരുടെ അന്തിമ എണ്ണം ലഭ്യമാകുക.

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് ഇത് വരെ ഓൺലൈൻ ആയി ലഭിച്ച അപേക്ഷയിൽ 70 വയസ് വിഭാഗത്തിൽ 1462 പേരും, 45 വയസിന് മുകളിലുള്ള മഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ 2,799 പേരുമാണ് ഉള്ളത്. ജനറൽ വിഭാഗത്തിൽ 15,270 അപേക്ഷകളും ലഭിച്ചു. അപേക്ഷകരിൽ 11,951 പേർ കരിപ്പൂർ വിമാനത്താവളവും 4,124 പേർ കൊച്ചിയും 3,456 പേർ കണ്ണൂർ വിമാനത്താവളവുമാണ് ഹജ്ജ് എംബാർക്കേഷൻ പോയൻറായി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം, അപേക്ഷകർ കുറവായതിനാൽ കൂടുതൽ പേർക്ക് അവസരം ലഭിച്ചേക്കാം.

Advertising
Advertising

കേന്ദ്ര വ്യോമയാന മന്ത്രാലയം ഹജ്ജ് സർവിസിനായി വിളിച്ച ടെൻഡറിൽ സംസ്ഥാനത്ത് നിന്നും 13,300 പേരെയാണ് പ്രതീക്ഷിക്കുന്നത്. കരിപ്പൂർ - 8,300, കൊച്ചി - 2,700, കണ്ണൂരിൽ നിന്നും 2,300 പേരെയുമാണ് പ്രതീക്ഷിക്കുന്നത് . നിലവിലെ സാഹചര്യത്തിൽ 70 വയസിന് മുകളിലുളളവർക്ക് നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിക്കും.അതേസമയം, രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസുകൾ. രാജ്യത്തെ 22 വിമാനത്താവളങ്ങളിൽ നിന്നാകും സർവീസ്.

കേരളത്തിൽ കൊച്ചി , കോഴിക്കോട്. കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഹജ്ജ് സർവീസ് രണ്ടാം ഘട്ടത്തിലാകും ഉൾപ്പെടുക. നിലവിലെ ഷെഡ്യൂൾ പ്രകാരം രണ്ടാം ഘട്ടത്തിലാണെങ്കിലും തീർത്ഥാടകർ കുറവുള്ള ഒന്നാം ഘട്ടത്തിലേക്ക് കേരളത്തിൽ നിന്നുളള ഹജ്ജ് വിമാന സർവീസ് മാറാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് നിന്നുള്ള മദീനയിലേക്കാണ് പുറപ്പെടുക. മടക്കയാത്ര ജൂലൈ 13 മുതൽ ആഗസ്റ്റ് രണ്ട് വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News