വിദ്വേഷ പ്രചാരണം: മമ്മൂട്ടിക്ക് പിന്തുണയുമായി ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ പോസ്റ്റ്
മമ്മൂട്ടിയെ പിന്തുണച്ചതിന് രൂക്ഷവിമർശനമാണ് കമന്റുകളായി പോസ്റ്റിന് ലഭിക്കുന്നത്
കൊച്ചി: മമ്മൂട്ടിക്കെതിരെ സംഘ്പരിവാർ പ്രൊഫൈലുകൾ നടത്തുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ ബി.ജെ.പി സംസ്ഥാനവൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ രംഗത്ത്. കഴിഞ്ഞ 5 പതിറ്റാണ്ടുകളായി മലയാളി പൊതുസമൂഹത്തിന്റെ മുന്നിലെ തുറന്ന പുസ്തകമാണ് മമ്മൂട്ടി എന്ന മഹാനടനെന്ന് ഫേസ്ബുക്കിൽ കുറിച്ചു.
നായരും നമ്പൂതിരിയും നാടാരും ദളിതനും മുസൽമാനും ക്രിസ്ത്യാനിയും അങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ അടങ്ങുന്ന എല്ലാത്തരം കഥാപാത്രങ്ങളെയും അഭ്രപാളികളിൽ അവതരിപ്പിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം. അങ്ങനെയുള്ള മമ്മൂട്ടിയെ പോലുള്ള കലാകാരനെ ഏതെങ്കിലും മതതീവ്ര ആശയങ്ങളും അജണ്ടയുമായി സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവരുമായി കൂട്ടികെട്ടേണ്ട ആവശ്യം ഇല്ലെന്നും രാധാകൃഷണൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
വ്യക്തിപരമായി അദ്ദേഹത്തെ പതിറ്റാണ്ടുകളായി അറിയാം. മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ ചെളിവാരി എറിയാൻ അവസരം ഉണ്ടാക്കിയ സിനിമയുടെ സംവിധായികയും എഴുത്തുകാരനും ആണ് ഇതിനു മറുപടി പറയേണ്ടത്. അങ്ങനെ ഏതെങ്കിലും അജണ്ടയുമായി സിനിമ പോലെ ഉള്ള കലാരൂപത്തെ മുതലെടുക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരെ അകറ്റിനിർത്തുകയും വേണമെന്നും കുറിപ്പിൽ പറയുന്നു.
അതേ സമയം എ.എൻ രാധാകൃഷ്ണൻ മമ്മൂട്ടിയെ പിന്തുണച്ച് രംഗത്തെത്തിയതിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് കമന്റിലുള്ളത്.‘ഇതൊക്കെ കൊണ്ടാണ് എറണാകുളത്ത് ഉള്ള ബിജെപ്പിക്കാർ പോലും തനിക്ക് വോട്ട് ചെയ്യാത്തത്.’
‘മമ്മൂട്ടിക്കെതിരെ ആരോപണം ഉന്നയിച്ചത് പുഴു എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ ഭർത്താവ് മുഹമ്മദ് ഷർഷാദ് ആണ്. അല്ലാതെ സംഘികൾ അല്ലല്ലോ അത് മനസിലാക്കാനുള്ള ബോധമില്ലേ??
‘ഇപ്പോ മനസ്സിൽ ആയല്ലോ എല്ലാവർക്കും കേരളത്തിൽ എങ്ങനെ ബിജെപി സംപൂജ്യം ആയി’
‘സുരേഷ് ഗോപി രാഷ്ട്രീയത്തില് ഇറങ്ങിയത് മുതൽ കേൾക്കാത്ത അധിക്ഷേപങ്ങൾ ഇല്ല. എന്നിട്ടും ഒരിക്കൽ പോലും അദ്ദേഹത്തിന് വേണ്ടി ഉയരാത്ത ശബ്ദം ഇച്ചാക്കയ്ക്ക് വേണ്ടി ഉയരുമ്പോൾ സംശയങ്ങള് അനവധി’
തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.