കനത്ത മഴ; കോട്ടയം വെള്ളാനിയിൽ ഉരുൾപൊട്ടി

മണ്ണിടിച്ചിലിനെ തുടർന്ന് ഈരാറ്റുപേട്ട-വാഗമൺ പാതയില്‍ ഗതാഗതം നിരോധിച്ചു

Update: 2023-09-21 14:49 GMT
Advertising

കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം തലനാട് വെള്ളാനിയിൽ ഉരുൾപൊട്ടലുണ്ടായി. അപകടത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് വ്യാപക കൃഷി നാശമുണ്ടായിട്ടുണ്ട്. ഉച്ചക്ക് ശേഷം കനത്ത മഴയാണ് മലയോര പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്.

ഉരുൾപൊട്ടലിനെ തുടർന്ന് റോഡുകളിൽ നിരവധി സ്ഥലങ്ങളിൽ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതതടസ്സം നേരിടുന്നുണ്ട്. ഒരു റബ്ബർ മെഷിനിന്റെ പുരയിടം ഒലിച്ചു പോയിട്ടുണ്ട്. തീക്കോയി, അടുക്കം, ഒറ്റീട്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഒറ്റീട്ടി പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മീനച്ചിലാറിന്റെ കൈവരികളിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കുകയാണ്. വെള്ളിക്കുളം സ്‌കൂളിൽ താത്കാലികമായി ഒരു ക്യാമ്പ് ആരംഭിച്ചിതായി റവന്യു വകുപ്പ് അറിയിച്ചു.

ഉച്ചക്ക് ശേഷം മീനച്ചിലാറിൽ 10 അടിയായിരുന്ന ജലനിരപ്പ് ഇപ്പോൾ 18 അടിയിലേക്ക് ഉയർന്നിട്ടുണ്ട്. കനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കൈകൊള്ളാൻ ജില്ലാ ഭരണകൂടം വില്ലേജ്, റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റോഡ് ഗതാഗതം തടസപ്പെട്ട ഇടങ്ങളിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളിയും മണ്ണും നീക്കി തുടങ്ങിയിട്ടുണ്ട്.

അതിനിടെ തീക്കോയി ഗ്രാമപഞ്ചായത്തിലെ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയതായി വിവരം ലഭിക്കുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ഈരാറ്റുപേട്ട-വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കലക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ അറിയിച്ചു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News