തൊണ്ടിമുതൽ ക്രമക്കേട് കേസ്: ആന്‍റണി രാജുവിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും കേസ് റദ്ദാക്കണമെന്നുമാണ് ആവശ്യം

Update: 2022-08-03 02:25 GMT

കൊച്ചി: തൊണ്ടിമുതൽ ക്രമക്കേട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആൻറണി രാജു നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് ആവശ്യം. മയക്കുമരുന്ന് കേസിലെ പ്രതിയായ ആസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയതുമായി ബന്ധപ്പെട്ട് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിൽ നാളെ വിചാരണ നടക്കാനിരിക്കെയാണ് മന്ത്രിയുടെ ഹരജി. കേസിൽ വർഷങ്ങളായി യാതൊരു പുരോഗതിയുമില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

Advertising
Advertising

Full View

ലഹരിക്കടത്ത് കേസിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1994ലാണ് മന്ത്രിക്കെതിരെ കേസ് എടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് 28 വർഷം കഴിഞ്ഞു. 2014 മുതൽ 22 തവണയാണ് കേസ് പരിഗണിച്ച് മാറ്റിവെച്ചത്.

തൊണ്ടിമുതൽ ക്രമക്കേട് കേസിൽ അടിവസ്ത്രത്തിൽ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങൾ 1996ൽ തിരുവനന്തപുരം ഫൊറൻസിക് ലാബ് നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു. അടിവസ്ത്രത്തിന്റെ അടിഭാഗത്തെ തുന്നലുകളും വസ്ത്രത്തിന്റെ മറ്റു ഭാഗങ്ങളിലെ തുന്നലുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ചെറുതായി വെട്ടിക്കളഞ്ഞ ഭാഗം മറ്റൊരു ഭാഗത്ത് തുന്നി കൂട്ടിച്ചേർത്തെന്നും റിപ്പോർട്ടിലുണ്ട്. നൂലിന്റെ നിറത്തിലും വ്യത്യാസമുണ്ട്. നിറത്തിൽ പ്രകടമായ വ്യത്യാസം പഴതും പുതിയതുമായ തുന്നലുകളെ സൂചിപ്പിക്കുന്നതാണ്. കേസിൽ വഴിത്തിരിവായ ഇന്റർപോൾ കത്തും പുറത്ത് വന്നിരുന്നു. ലഹരിക്കേസിലെ തൊണ്ടിമുതൽ കോടതിയിൽ നിന്ന് മാറ്റിയെന്ന് മൊഴിലഭിച്ചെന്നാണ് കത്തിൽ പറയുന്നത്.1996ലാണ് ആസ്ത്രേലിയൻ പൊലീസ് ഇന്റർപോൾ മുഖേന കത്ത് അയച്ചത്. 2002ൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടത്തിയെന്നും ആരോപണമുണ്ടായിരുന്നു.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News