''യൂസഫലി സാഹിബിനുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നു''; കെ.എം ഷാജിയുടെ വിമർശനത്തെ തള്ളി കെഎംസിസി നേതാവ് ഇബ്രാഹീം എളേറ്റിൽ

ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് യുഡിഎഫിനെ വിമർശിച്ച യൂസഫലിക്കെതിരെ കെ.എം ഷാജി വിമർശനമുന്നയിച്ചിരുന്നു. മോദിയെ പ്രീതിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെ വിലക്ക് വാങ്ങാൻ വരേണ്ട എന്നായിരുന്നു ഷാജിയുടെ പരാമർശം.

Update: 2022-06-19 14:32 GMT
Advertising

തിരുവനന്തപുരം: എം.എ യൂസഫലിക്കെതിരായ കെ.എം ഷാജിയുടെ വിമർശനങ്ങളെ തള്ളി ദുബൈ കെഎംസിസി നേതാവ് ഇബ്രാഹീം എളേറ്റിൽ. കെ.എം ഷാജിക്ക് അറിയാത്തതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞതെന്നും യൂസഫലിക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''ഞാൻ പ്രതിനിധീകരിക്കുന്നത് മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയെ ആണ്. ഞങ്ങളുടെ ഒരു വ്യക്തി സോഷ്യൽ മീഡിയയിൽ ബഹുമാനപ്പെട്ട യൂസഫലി സാഹിബിനെക്കുറിച്ച് നടത്തിയ പരാമർശം അദ്ദേഹത്തിനുണ്ടാക്കിയ പ്രയാസത്തിൽ വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണ്. ആ പറഞ്ഞ വ്യക്തിക്ക് അറിയാത്തതുകൊണ്ടായിരിക്കും. അദ്ദേഹം അത് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു. 16 വർഷങ്ങൾക്ക് മുമ്പ് ഒരു നൈറ്റ് സൂക്ക് കത്തിയപ്പോൾ അവിടെയുള്ള മുഴുവൻ ചെറുകിട കച്ചവടക്കാർക്കും 600ൽ അധികം തൊഴിലാളികൾക്കും മൂന്നു മാസത്തോളം ഭക്ഷണം കൊടുത്ത വ്യക്തിത്വമാണ് യൂസഫലി സാഹിബ്. അത്രയധികം പ്രവാസികളുടെ പ്രശ്‌നത്തിൽ ഇടപെടുന്ന ആളാണ് അദ്ദേഹം. യൂസഫലി സാഹിബിനുണ്ടായ പ്രയാസത്തിൽ ഞാൻ വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണ്''- ഇബ്രാഹീം എളേറ്റിൽ പറഞ്ഞു.

ലോക കേരള സഭയിൽ പങ്കെടുക്കാത്തതിന് യുഡിഎഫിനെ വിമർശിച്ച യൂസഫലിക്കെതിരെ കെ.എം ഷാജി വിമർശനമുന്നയിച്ചിരുന്നു. മോദിയെ പ്രീതിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെ വിലക്ക് വാങ്ങാൻ വരേണ്ട എന്നായിരുന്നു ഷാജിയുടെ പരാമർശം. തങ്ങളുടെ നേതാക്കൾ എവിടെയൊക്കെ പോകണം പോകണ്ട എന്ന് തീരുമാനിക്കുന്നത് ഒരു മുതലാളിയുടെയും വീട്ടിൽപ്പോയി ചീട്ട് കീറിയിട്ടല്ലെന്നും ഷാജി പറഞ്ഞിരുന്നു.

ലീഗ് നേതൃത്വവും ഷാജിയുടെ വിമർശനത്തെ പിന്തുണക്കാൻ തയ്യാറായിരുന്നില്ല. പ്രതിപക്ഷത്തെ വിമർശിച്ച യൂസഫലി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുവെന്നും യുഡിഎഫ് തങ്ങളുടെ നയം നടപ്പാക്കിയെന്നും ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഷാജിയുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ സാദിഖലി തങ്ങളോ കുഞ്ഞാലിക്കുട്ടിയോ തയ്യാറായില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News